കാസര്‍ഗോഡ്: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ സംയുക്ത പദ്ധതിയായി ആരംഭിക്കുന്ന ചട്ടഞ്ചാലിലെ ഓക്സിജന്‍ പ്ലാന്റിന്റെ ശിലാസ്ഥാപനം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് തദ്ദേശ സ്വയംഭരണമന്ത്രി എം.വി.ഗോവിന്ദന് ഓണ്‍ലൈനില്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന് എംപി ടെലി മെഡിസിന് സംവിധാനം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എംഎല്‍എമാരും മറ്റു വിവിധ ജനപ്രതിനിധികളും സംബന്ധിക്കും.
കൊച്ചി ആസ്ഥാനമായ കെയര്‍ സിസ്റ്റംസിനാണ് ഓക്സിജന്‍ പ്ലാന്റിന്റെ നിര്‍മാണ ചുമതല. 1.87 കോടി രൂപ ചെലവില്‍ 80 ദിവസത്തിനകം പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ധാരണ. ചട്ടഞ്ചാലിലുള്ള വ്യവസായ പാര്‍ക്കില്‍ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥയിലുള്ള 50 സെന്റ് സ്ഥലത്താണ് പ്ലാന്റ് സ്ഥാപിക്കുക. ഭൂമിക്ക് പുറമെ 50 ലക്ഷം രൂപയും ജില്ല പഞ്ചായത്ത് നല്‍കും. ദിവസം 200 സിലിണ്ടര്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ സാധിക്കുന്ന പ്ലാന്റാണ് സ്ഥാപിക്കുന്നത്.
