മൊഗ്രാൽ:ആന്റി നാർകോട്ടിക് കൗൺസിൽ ഓഫ് ഇന്ത്യ സിൽവർ ജൂബിലി പുരസ്കാര ജേതാവും കാസറഗോഡ് എക്സൈസ് പ്രിവന്റീവ് ഓഫീസറുമായ എൻ.ജി രഘുനാഥനെ മൊഗ്രാൽ ദേശീയവേദി ഓഗസ്റ്റ് 14 ന് വൈകുന്നേരം 4:30ന് മൊഗ്രാൽ ടൗണിൽ പൊതുപരിപാടിയിൽ വെച്ച് ആദരിക്കുന്നു.
വിദ്യാർത്ഥികളടക്കമുള്ള യുവസമൂഹത്തെ അഗാധ ഗർത്തത്തിലേക്ക് തള്ളിവിടുന്ന ലഹരി വ്യാപനത്തിനെതിരെ വർഷങ്ങളായി നടത്തിവരുന്ന പ്രതിഫലേച്ഛയില്ലാത്ത പോരാട്ടത്തിന് ‘ആന്റി നാർകോട്ടിക്ക് കൗൺസിൽ ഓഫ് ഇന്ത്യയുടെ സിൽവർ ജൂബിലി പുരസ്‌ക്കാരം എൻ.ജി രഘുനാഥന് കഴിഞ്ഞമാസം ലഭിച്ചിരുന്നു. ഇത് പരിഗണിച്ചാണ് മൊഗ്രാൽ ദേശീയവേദി പ്രശസ്തിപത്രം നൽകി രഘുനാഥനെ ആദരിക്കുന്നത്.
എ.കെ.എം അഷറഫ് എം.എൽ.എ അവാർഡ് സമ്മാനിക്കും.പരിപാടിയോടനുബന്ധിച്ച് മൊഗ്രാൽ പ്രദേശത്തുനിന്ന് എസ്.എസ്.എൽ.സി- പ്ലസ്-ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച ഇരുപതോളം പ്രതിഭകളെ ഉപഹാരം നൽകി അനുമോദിക്കും.
ചടങ്ങിൽ ജനപ്രതിനിധികൾ ഉൾപ്പെടെ നാട്ടിലെ സാമൂഹ്യ-സാംസ്കാരിക- രാഷ്ട്രീയ-വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ സംബന്ധിക്കുമെന്ന് ദേശീയവേദി ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.