മൊഗ്രാൽ: ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ കുടുംബാംഗങ്ങളെ വിട്ട് പ്രവാസ ലോകത്തേക്ക് തിരിക്കുന്ന പ്രവാസികൾ ക്രിമിനൽ സംഘങ്ങളുടെയും, കള്ളക്കടത്ത് സംഘങ്ങളുടെയും മോഹന വാഗ്ദാനങ്ങളിൽ കുടുങ്ങി വഞ്ചിതരാകരുതെന്നും, ഈ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നും മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.
ചുളുവിൽ ലക്ഷങ്ങൾ സമ്പാദിക്കാം എന്ന വാഗ്ദാനം നൽകിയാണ് നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളെ കള്ളക്കടത്ത്, ക്രിമിനൽ സംഘങ്ങൾ സമീപിക്കുന്നത്. ഇത് പിന്നീട് നാട്ടിൽ വെച്ച് തട്ടിക്കൊണ്ടുപോകലിനും, കൊലപാതകത്തിലേക്കും ചെന്നെത്തുന്നു. ഇത് തുടർക്കഥയായി മാറിയ സാഹചര്യത്തിൽ പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.
പുത്തിഗെ മുഗു റോഡിലെ പ്രവാസിയായ സിദ്ദിഖിന്റെ കൊലപാതകത്തിൽ നടുക്കം രേഖപെടുത്തിയ ദേശീയവേദി കൊലപാതകികളായ ക്രിമിനൽ സംഘങ്ങളെ എത്രയും പെട്ടെന്ന് പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു.