കാസർകോട് കാഞ്ഞങ്ങാട്ട് വൻ കരമണൽ കടത്തുസംഘത്തെ പൊലീസ് പിടികൂടി. സ്വകാര്യ ഭൂമിയിൽനിന്നും സർക്കാർ ഭൂമിയിൽനിന്നും രാത്രിയുടെ മറവിൽ മണൽ കടത്തുന്ന സംഘത്തെയാണ് പിടിച്ചത്.
കാഞ്ഞങ്ങാടിനോട് ചേർന്നുള്ള കല്ലൂരാവി, ഒഴിഞ്ഞവളപ്പ്, ഇട്ടമ്മൽ, ബല്ലാ കടപ്പുറം എന്നിവിടങ്ങളിൽനിന്നാണ് വ്യാപകമായി മണൽ കടത്തിയിരുന്നത്.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ പ്രദേശങ്ങളിൽ പരിശോധന നടത്തി ഇതുവരെ 6 മണൽ ലോറികൾ പിടിച്ചെടുത്തു. കെട്ടിട നിർമാണത്തിനായാണ് വ്യാപകമായി കരമണൽ കടത്തിയിരുന്നത്.
സ്വകാര്യവ്യക്തികളുടെ സ്ഥലത്തിനു പുറമേ സർക്കാർ ഭൂമിയിൽനിന്നും മണൽ കടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ലോഡോന്നിന് 15,000 രൂപയ്ക്കാണ് എടുത്തിരുന്നത്. ഇവരെ അറസ്റ്റ് ചെയ്യാൻ വകുപ്പ് ഇല്ലെങ്കിലും വൻ പിഴ ചുമത്താനാണ് നീക്കം.
ലോഡ് ഒന്നിന് 50,000 രൂപ മുതൽ മുകളിലോട്ട് പിഴ ഈടാക്കിയേക്കും. തുടർനടപടികൾ സ്വീകരിക്കുന്നതിനായി RDOയ്ക്ക് പൊലീസ് വിശദമായ റിപ്പോർട്ട് സമർപ്പിക്കും.
കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.