യുദ്ധം ബാക്കിവെക്കുന്നത് ചോരയുടെ മണവും ഉറ്റവരുടെ വേർപാടും ഒരിക്കലും മാറാത്ത മറക്കാൻ സാധിക്കാത്ത മുറിവുകളുമാണ്. ലോകം മുഴുവൻ ഇപ്പോൾ ഉറ്റുനോക്കുന്നത് റഷ്യ-യുക്രൈൻ യുദ്ധഭൂമിയിലേക്കാണ്. കരളയിക്കുന്ന കാഴ്ചകളല്ലാതെ ഇന്ന് ആ ഭൂമിയിൽ വേറെ ഒന്നും നമുക്ക് കാണാൻ സാധിക്കില്ല.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ യുദ്ധം പ്രഖ്യാപിക്കുകയും യുക്രെയ്നെ ആക്രമിക്കാൻ ഉത്തരവിടുകയും ചെയ്തതോടെ പരിഭ്രാന്തിയും അരാജകത്വവും അക്രമവുമാണ് ആ ഭൂമിയിൽ. ഇതിനിടയിൽ സഹായം ചോദിച്ച് യുക്രൈനും രംഗത്തെത്തിയിരുന്നു.
യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ആളുകളുടെ നിസ്സഹായത കാണിക്കുന്ന ഹൃദയസ്പർശിയായ നിരവധി വീഡിയോകൾ യുക്രെയ്നിൽ നിന്ന് ഉയർന്നുവന്നിട്ടുണ്ട്.ഈ ഭയാനക സാഹചര്യത്തിൽ നിന്ന് രക്ഷനേടാൻ സുരക്ഷിതമായ അഭയം തേടി നിരവധി ആളുകൾ രാജ്യം വിടാൻ ശ്രമിക്കുകയാണ്.
തങ്ങളുടെ പ്രിയപ്പെട്ടവർ പരസ്പരം വേർപിരിയുന്നത്തിന്റെ ഹൃദയഭേദകമായ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ.
ഒരു പിതാവ് തന്റെ ഇളയ മകളോട് കണ്ണീരോടെ വിടപറയുന്ന വൈകാരിക നിമിഷങ്ങളുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.പിതാവ് തന്റെ മകൾക്ക് സുരക്ഷിതമായ ഒരു അഭയസ്ഥാനം കണ്ടെത്തുന്നതിനായി അവളെ യാത്ര അയക്കുന്നതും വീഡിയോയിൽ കാണാം.
മകളുടെ തൊപ്പിയും അവളുടെ വസ്ത്രവും ശരിയാക്കി കൊടുക്കുന്നതും ചുംബിക്കുന്നതും കണ്ണീരോടെ ആലിംഗനം ചെയ്ത് പിരിയുന്നതും വീഡിയോയിൽ ഉണ്ട്.
സിവിലിയൻമാർക്കായി സജ്ജീകരിച്ച രക്ഷാപ്രവർത്തന ബസുകളിലൊന്നിലേക്ക് മകളെ കയറ്റിവിടുമ്പോൾ പിതാവ് പൊട്ടിക്കരയുന്നത് എല്ലാവരെയും കണ്ണീരിലാഴ്ത്തുന്ന കാഴ്ചയാണ്.