തിരുവനന്തപുരം : താന്‍ ബിജെപിയിലേക്ക് പോകുമെന്ന വാര്‍ത്തകള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി കെ മുരളീധരന് എംപി. നട്ടാല്‍ കുരുക്കാത്ത പിതൃശൂന്യമായ നുണകളാണ് ചിലർ പ്രചരിപ്പിക്കുന്നതെന്നും എത്ര അപമാനം സഹിച്ചാലും കോൺഗ്രസുകാരനായി തുടരുമെന്നും കെ മുരളീധരന് പറഞ്ഞു. രാഹുല്‍ ഗാന്ധിയോടൊപ്പം കേരളം മുഴുവന്‍ നടന്നത് ബിജെപിയില്‍ ചേരാനല്ലെന്നും മുരളീധരന് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള ചിത്രം പ്രൊഫൈല്‍ ചിത്രമാക്കിയാണ് മുരളീധരന് തനിക്കെതിരെയുള്ള പ്രാചരണങ്ങളോട് രൂക്ഷ ഭാഷയില്‍ പ്രതികരിച്ചത്.’ഞാന്‍ ബിജെപിയിൽ പോകുമെന്ന പ്രചാരണം പാര്‍ട്ടിക്ക് അകത്ത് നിന്നും പുറത്ത് നിന്നും ചിലർ നടത്തുന്നുണ്ട്. അതിനെ കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് മുരളീധരന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാഹുലിനൊപ്പം നടന്നത് ബി ജെ പിയിൽ ചേരാനല്ല.
കേരളത്തിൽ ബി.ജെ.പി അക്കൗണ്ട് തുറക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇത്തരം പ്രചാരവേലകൾക്ക് ചുക്കാൻ പിടിക്കുന്നത്. ഏത് അറ്റം വരെയും രാഹുലി ഗാന്ധിക്കൊപ്പം പോകും. കെപിസിസി എക്സിക്യൂട്ടീവ് ചേരുന്നത് രാഹുലിന്റെ സന്ദർശനം സംബന്ധിച്ചാണ്. അതിന് യോഗം ചേരുന്നതിൽ തടസമില്ല. മറ്റു കാര്യങ്ങൾ എല്ലാവരുമുള്ളപ്പോൾ ആണ് ചർച്ച ചെയ്യണ്ടത്. നിലവിൽ എംപി മാർക്ക് ദില്ലിയിൽ നിന്നു മാറി നിൽക്കാനാകുന്ന സാഹചര്യമല്ലെന്നും മുരളീധരൻ പറഞ്ഞു.