മംഗ്ളുറു: സൂറത്കലിലെ മംഗൽപേട്ട സ്വദേശി മുഹമ്മദ് ഫാസിലിന്റെ കൊലപാതകത്തിൽ നിർണായക അറസ്റ്റുമായി പൊലീസ്. ആറ് പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇവരുടെ പേരുവിവരങ്ങളും കൂടുതൽ വിവരങ്ങളും പുറത്തുവരാനുണ്ട്.
ബെംഗ്ളൂറിലും വടക്കൻ കർണാടകയിലും മറ്റ് പ്രദേശങ്ങളിലും ചൊവ്വാഴ്ച രാത്രി വൈകി പൊലീസ് നടത്തിയ ഓപറേഷനുകൾക്ക് ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് ടിവി കന്നഡ റിപോർട് ചെയ്തു.ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പ്രതികൾ ഉപയോഗിച്ചതെന്ന് കരുതുന്ന കാറിന്റെ ഉടമ അജിത് ക്രാസ്റ്റയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ 21 പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിരുന്നു. കൊലയാളികൾ ഉപയോഗിച്ചതായി കരുതപ്പെടുന്ന ഹ്യൂൻഡായ് ഇയോൺ കാർ ജൂലൈ 31 ന് കാർക്കളയിലെ ഇന്നയിൽ ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ജൂലൈ 28ന് മംഗ്ളുറു സൂറത് കലിൽ വെച്ചാണ് ഫാസിൽ കുത്തേറ്റ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ദക്ഷിണ കന്നഡ ജില്ലയിൽ നടന്ന മൂന്നാമത്തെ കൊലപാതകമായിരുന്നു ഇത്. മംഗ്ളുറു എസിപി മഹേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഫാസിലിന്റെ കൊലപാതകം അന്വേഷിക്കുന്നത്.