രാജ്യത്ത് മൊബൈല്‍ നിരക്ക് വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ താരിഫ് ഉയര്‍ത്താതെ രക്ഷയില്ലെന്ന് പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ മിത്തല്‍ അറിയിച്ചു.
താരിഫ് വര്‍ധിപ്പിക്കുന്നത് ഫോണ്‍വിളിയും ഡേറ്റ ഉപയോഗവും ചെലവേറിയതാക്കും. നാലാം പാദത്തില്‍ 7023 കോടി രൂപയുടെ നഷ്ടക്കണക്ക് വൊഡാഫോണ്‍ ഐഡിയ പുറത്തു വിട്ടതിനു പിന്നാലെയാണ് എയര്‍ടെല്‍ മേധാവിയുടെ പ്രതികരണം. സമീപഭാവിയില്‍ തന്നെ വോയ്സ് നിരക്കും ഡേറ്റ സേവനങ്ങള്‍ക്കുള്ള നിരക്കും ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
രാജ്യത്ത് 5ജി സേവനങ്ങള്‍ നല്ല നിലയില്‍ ലഭ്യമാക്കണമെങ്കില്‍ സാമ്പത്തികമായി മെച്ചപ്പെട്ട ടെലികോം കമ്പനികള്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് മിത്തല്‍ പറഞ്ഞു. പരസ്പരം ഇല്ലാതാക്കിക്കൊണ്ട് ടെലികോം കമ്പനികള്‍ക്ക് നിലനില്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു. നിരക്ക് വര്‍ധിപ്പിക്കണമെന്ന കാര്യത്തില്‍ സംശയമില്ല എന്നാല്‍ വര്‍ധന ഏകപക്ഷീയമായി നടപ്പാക്കാനാവില്ലെന്നും സുനില്‍ മിത്തല്‍ പറയുന്നു.