റിയാസ് മൗലവി കൊലചെയ്യപ്പെട്ടിട്ട് അഞ്ചുവർഷം തികയുമ്പോഴും കേസിന്റെ വിചാരണ പാതിവഴിയിൽ; വിചാരണക്ക് മേൽനോട്ടം വഹിച്ച അഞ്ചാമത്തെ ജഡ്ജിയും സ്ഥലം മാറ്റിപ്പോയി

Latest ഇന്ത്യ കേരളം പ്രാദേശികം

കാസർകോട്:പഴയചൂരി യിലെ മദ്രസാ അധ്യാപകനായിരുന്ന കർണാടക കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം നടന്നിട്ട് അഞ്ചുവർഷം തികയുമ്പോഴും കേസിന്റെ വിചാരണ ഇപ്പോഴും പാതിവഴിയിൽ.

റിയാസ് മൗലവി വധക്കേസിന്റെ വിചാരണക്ക് മേൽനോട്ടം വഹിച്ച അഞ്ചാമത്തെ ജഡ്ജിയെയും സ്ഥലം മാറ്റിയതോടെ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ പൂർണമായി മുടങ്ങിയിരിക്കുകയാണ്.

ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിലവിൽ മൂന്നുമാസമായി ജഡ്ജിയുടെ സേവനമില്ല.

2017 മാർച്ച് 20ന് രാത്രി 11 മണിയോടെയാണ് റിയാസ് മൗലവിയെ പള്ളിയിലെ താമസസ്ഥലത്ത് കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

കേളുഗുഡെ അയ്യപ്പ നഗറിലെ അജേഷ് എന്ന അപ്പു (19), കേളുഗുഡെ മാത്തയിലെ നിതിൻ (19), കേളുഗുഡെയിലെ അഖിൽ എന്ന അഖിലേഷ് (25), എന്നിവരാണ് കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികൾ.

കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി ഡോ. എ ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഈ കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

2018 ഒക്ടോബറിലാണ് റിയാസ് മൗലവി വധക്കേസിന്റെ വിചാരണ ജില്ലാകോടതിയിൽ ആരംഭിച്ചത്.

അന്ന് എസ് മനോഹർ കിണിയായിരുന്നു ജില്ലാപ്രിൻസിപ്പൽ കോടതി ജഡ്ജ്. വിചാരണ മുന്നോട്ടുപോകുന്നതിനിടെ റിയാസ് മൗലവിയുടെ ഭാര്യ കേസിൽ യു.എ.പി.എ വകുപ്പ് ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി നൽകുകയും വിചാരണ താത്ക്കാലികമായി നിർത്തിവെക്കാൻ ജില്ലാ കോടതിക്ക് ഹൈക്കോടതി നിർദേശം നൽകുകയും ചെയ്തു.

യു.എ.പി.എ സംബന്ധിച്ച വാദം ഹൈക്കോടതിയിൽ ഏറെ നാൾ നീണ്ടുനിന്നു.

ഒടുവിൽ യു.എ.പി.എ ചുമത്തുന്ന കാര്യത്തിൽ
തീരുമാനമെടുക്കാൻ ഹൈക്കോടതി ജില്ലാ കോടതിയെ തന്നെ ചുമതലപ്പെടുത്തുകയും വിചാരണ തുടരാൻ നിർദേശിക്കുകയും ചെയ്തു.

എന്നാൽ മനോഹർ കിണി സ്ഥലം മാറി പോയതോടെ വിചാരണ പിന്നെയും മുടങ്ങി.

അജിത്കുമാർ ജില്ലാ പ്രിൻസിപ്പൽ കോടതി ജഡ്ജിയായി ചുമതലയേറ്റതോടെ വിചാരണ പുനരാരംഭിച്ചു.

വിചാരണ അവസാനഘട്ടത്തിലെത്തിയപ്പോൾ അജിത്കുമാറിനും സ്ഥലംമാറ്റം ലഭിച്ചു.

അപ്പോഴേക്കും കേസിലെ ഭൂരിഭാഗം സാക്ഷികളെയും
വിസ്തരിച്ചുകഴിഞ്ഞിരുന്നു. ഏതാനും ചില
സാക്ഷികളെ മാത്രമാണ്
വിസ്തരിക്കാനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *