കാസര്‍കോട്: ഉന്നത ഉദ്യോഗസ്ഥകള്‍ അടങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരും വിദ്യാര്‍ത്ഥികളും താമസിക്കുന്ന വനിതാ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. ഭക്ഷണത്തില്‍ വിഷാംശം കലര്‍ന്നതിനെ തുടര്‍ന്ന് ആരോഗ്യനില വഷളായി 12 വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. കാസര്‍കോട് ഉദയഗിരിയിലെ വനിതാ ഹോസ്റ്റലില്‍ താമസിക്കുന്ന ജനറല്‍ ആശുപത്രിയിലെ നഴ്‌സിംഗ് സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഭക്ഷണം കഴിച്ചപ്പോള്‍ മുതല്‍ അസ്വസ്ഥത അനുഭവപ്പെട്ടത്.
കഴിഞ്ഞ ദിവസം രാവിലെ ചായയുടെ കൂടെ കഴിക്കാന്‍ നല്‍കിയ ഉണ്ട പോലുള്ള പലഹാരവും ഉച്ചയ്‌ക്കുള്ള ചോറും കഴിച്ചപ്പോള്‍ ആണ് പ്രശ്നങ്ങള്‍ തുടങ്ങിയതെന്ന് ഹോസ്റ്റലിലെ താമസക്കാര്‍ പറഞ്ഞു.
വനിതാ ഹോസ്റ്റലിലെ മുഴുവന്‍ താമസക്കാര്‍ക്കും ഭക്ഷണം പാചകം ചെയ്ത് എത്തിച്ചുകൊടുക്കുന്നത് ഒരു സ്ത്രീയുടെ നേതൃത്വത്തിലാണ്. തീരെ നിലവാരം കുറഞ്ഞ ഭക്ഷണമാണ് കുടുംബശ്രീയുടെ പേരില്‍ കൊണ്ടുവന്നു നല്‍കുന്നതെന്ന് വനിതാ ഉദ്യോഗസ്ഥര്‍ പരാതിപ്പെടുന്നു. പ്രതിദിനം 120 രൂപയാണ് ഒരാളില്‍ നിന്ന് ഭക്ഷണത്തിനായി വാങ്ങിക്കുന്നത്. വനിതാ ഹോസ്റ്റലില്‍ ആകെയുള്ള 88 താമസക്കാര്‍ക്കും ഭക്ഷണം നല്‍കുന്നത് 120 തോതില്‍ വാങ്ങിച്ചാണ്. രാവിലെ ചായയും പലഹാരവും ഉച്ചക്കുള്ള ഊണും രാത്രി കഴിക്കാനുള്ളതുമാണ് നല്‍കുക.
ഉച്ചയ്ക്ക് നല്‍കിയ ചോറ് തന്നെയാണ് ചൂടാക്കി രാത്രി എത്തിച്ചു തരുന്നതെന്നാണ് ഇവര്‍ക്കുള്ള പരാതി. ഇത്രയും താമസക്കാര്‍ ഉണ്ടായിരുന്നിട്ടും ഹോസ്റ്റലില്‍ നിന്ന് തന്നെ ഭക്ഷണം പാചകം ചെയ്തു നല്‍കാന്‍ കുക്കിനെ ഏര്‍പ്പാട് ചെയ്തുതരണമെന്ന ആവശ്യം ഉന്നയിച്ചിട്ട് നാളുകളായി. ഇതുവരെ നടപടി ഉണ്ടായിട്ടില്ല. മൂന്നും രണ്ടും നിലകളുള്ള രണ്ടു കെട്ടിടമാണ് വനിതാ ഹോസ്റ്റലിലുള്ളത്. ഇതില്‍ 120 മുറികളുണ്ട്. തുടക്കത്തില്‍ താമസക്കാര്‍ കുറവായത് കാരണം വാഗ്ദാനങ്ങളൊന്നും പാലിക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ 88 താമസക്കാര്‍ ഉണ്ടായിട്ടും വനിതാ ഹോസ്റ്റലിനെ ആരും തിരിഞ്ഞുനോക്കുന്നില്ല.
മുഖ്യമന്ത്രിക്കും എം.എല്‍.എയ്‌ക്കും പുതിയ ജില്ലാ കളക്ടര്‍ക്കും നിവേദനം നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പരാതി. വാടക, വൈദ്യുതി ചാര്‍ജ്, വെള്ളത്തിന്റെ ചാര്‍ജ് തുടങ്ങിയതെല്ലാം പറഞ്ഞു വന്‍ തുകയാണ് ജീവനക്കാരികളില്‍ നിന്നും ഈടാക്കുന്നത്. മാസം തോറും 2250 രൂപയോളം ഓരോ താമസക്കാരില്‍ നിന്നും പിരിക്കുന്നുണ്ടെന്ന് വനിതാ ഹോസ്റ്റലിലെ അന്തേവാസികള്‍ പരാതിപ്പെട്ടു. 638 രൂപയാണ് വാടക എന്നാണ് പറഞ്ഞിരുന്നത്. ബാക്കി തുക അനുബന്ധ ചിലവുകളാണത്രെ. ഇതിന് പുറമെയാണ് 3600 ഓളം ഭക്ഷണത്തിനും നല്‍കുന്നത്. സര്‍ക്കാര്‍ ജീവനക്കാരികള്‍ക്ക് ബാദ്ധ്യതയായി മാറുകയാണ് ഉദയഗിരിയിലെ വനിതാ ഹോസ്റ്റല്‍ എന്നാണ് ആക്ഷേപം.
ബൈറ്റ്
ബീറ്റ് റൂട്ട്, കാബേജ് എന്നിവ കൊണ്ടുള്ള തോരന്‍ അല്ലാതെ ഇന്നുവരെ കിട്ടിയിട്ടില്ല. ഒരു ഏത്തക്ക ആറായി മുറിച്ചാണ് പലഹാരം ഉണ്ടാക്കി തരുന്നത്. കൊവിഡ് കാലത്ത് തങ്ങളാരും ഇവിടെ ഇല്ലാതിരുന്നിട്ടും ഭക്ഷണത്തിന്റെ കാശ് മുറപോലെ വാങ്ങിച്ചിരുന്നു. ആര്‍ക്ക് പരാതി കൊടുത്തിട്ടും രക്ഷയില്ലാതായി.