കാസർകോട്: കാറിന്റെ സീറ്റിലൊളിപ്പിച്ച് കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലവരുന്ന മാരകമായ എംഡിഎംഎ മയക്കുമരുന്നുമായി നാലുപേരെ കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. കാസർകോട്ടെ സമീർ, ശെയ്ഖ് അബ്ദുൽ നൗശാദ്, ശാഫി, ദക്ഷിണ കന്നഡ ജില്ലയിലെ അബൂബകർ സിദ്ദീഖ് എന്നിവരാണ് ആദൂർ കുണ്ടാറിൽ നിന്നും 200 ഗ്രാം എംഡിഎംഎ മയക്കുമരുന്നുമായി അറസ്റ്റിലായത്.
വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവർ സഞ്ചരിച്ചിരുന്ന കാറിനെ പിന്തുടർന്നാണ് മയക്കുമരുന്ന് വേട്ട നടത്തിയത്.
സീറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്. കാസർകോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സി ഐയുടെ നേതൃത്വത്തിലുള്ള സംഘം രാവിലെ മുതൽ ഇവരെ പിന്തുടർന്നിരുന്നു. ആദൂർ കുണ്ടാറിൽ കാറിന് കുറുകെ എക്സൈസ് വാഹനം ഇട്ടാണ് യുവാക്കളെ പിടികൂടിയത്.
ബെംഗ്ളൂറിൽ നിന്നാണ് എംഡിഎംഎ കാസർകോട്ടേക്ക് വിൽപ്പനയ്ക്കായി എത്തിക്കുന്നതെന്നാണ് ഇവർ മൊഴി നൽകിയിരിക്കുന്നതെന്നും കാസർകോട്ടും ദക്ഷിണ കന്നഡ ജില്ലകളിലും മയക്കുമരുന്ന് എത്തിക്കുന്ന വൻ റാകറ്റിലെ കണ്ണികളാണ് പിടിയിലായതെന്നും പൊലീസ് അറിയിച്ചു. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയിൽ 10 ലക്ഷത്തിലേറെ വില വരുമെന്ന് കാസർകോട് എസ് സ്പെഷ്യൽ സ്ക്വാഡ് സി ഐ പറഞ്ഞു.