പൊയിനാച്ചി: പോലീസ് കസ്റ്റഡിയിലുള്ള വാഹനങ്ങളുടെ യന്ത്രഭാഗങ്ങളും ചക്രങ്ങളും മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ നാല് പേര്‍ അറസ്റ്റില്‍. കേസുകളില്‍പ്പെട്ട് ചട്ടഞ്ചാല്‍ ദേശീയപാതയ്ക്കരികില്‍ വര്‍ഷങ്ങളായി സൂക്ഷിച്ചിട്ടുള്ള വാഹനങ്ങളില്‍നിന്നാണ് യന്ത്രഭാഗങ്ങള്‍ കടത്താനുള്ള ശ്രമം നടന്നത്.
ചെമ്മനാട് വടക്കുമ്പാത്തിലെ ഷമ്മാസ് (19), മുഹമ്മദ് അബ്ദുല്ല റിഫായത്ത് (20), മുഹമ്മദ് ഷാ (20), മുഹമ്മദ് മാഹിന്‍ ഫത്താസ് (19) എന്നിവരാണ് മേല്‍പ്പറമ്പ് പോലീസിന്റെ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറും രണ്ട് മൊബൈല്‍ ഫോണുകളും മോഷണത്തിനുപയോഗിച്ച ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച പുലര്‍ച്ചെ പട്രോളിങ്ങിനിടെ ശബ്ദംകേട്ട് മേല്‍പ്പറമ്പ് അഡീഷണല്‍ എസ്.ഐ. എസ്.ബൈജുവും സിവില്‍ പോലീസ് ഓഫീസര്‍ വിജയനും ജീപ്പ് നിര്‍ത്തി പരിശോധിക്കുന്നതിനിടെ യുവാക്കള്‍ ഓടിപ്പോകുന്നത് കണ്ടതാണ് സംശയത്തിനിടയാക്കിയത്.