ഇന്ധനവില 100 കടക്കുന്ന വേളയില്‍ സാധനങ്ങളുടെ വിലയിലും വന്‍ കുതിപ്പാണ് ഉണ്ടാവുന്നത്. ഇതിനു പുറമെ, പാചക വാതക വിലയിലും കുതിപ്പ് തുടരുകയാണ്.
1000ത്തിലെത്തി നില്‍ക്കുകയാണ് പാചക വാതക വില. സാധനങ്ങള്‍ക്കും മറ്റും വിലകുതിക്കുമ്പോള്‍ ഹോട്ടല്‍ ഭക്ഷണത്തിലും വില കുതിക്കുമെന്നതില്‍ സംശയമില്ല.
എന്നാല്‍ ആര്യനാട് പഞ്ചായത്തിലെ പാലൈക്കോണത്തുള്ള വത്സലചേച്ചിയുടെ അമ്മച്ചിക്കടയില്‍ ദോശയ്ക്ക് ഒരു രൂപ മാത്രമാണ്.
മൂന്നു ചൂടു ദോശയും സ്വാദിഷ്ഠമായ തേങ്ങാച്ചമ്മന്തിയും രസവടയും പപ്പടവും എല്ലാം കഴിച്ചാ ശേഷം വില എത്രയായി എന്ന് ചോദിച്ചാല്‍ വത്സല ചേച്ചി പറയും എട്ടുരൂപയായി എന്ന്.
എട്ട് രൂപയ്ക്ക് ഒരു ചായപോലും ലഭിക്കാത്ത കാലത്ത് പറഞ്ഞത് തെറ്റിപ്പോയതാകാമെന്ന സംശയത്തില്‍ വീണ്ടും ചോദിച്ചാലും അതുതന്നെയാണ് ഇവിടുത്തെ വിലയെന്ന് അവര്‍ പറഞ്ഞു.
ഇന്ധന വിലവര്‍ധനവും വിലക്കയറ്റവുമൊന്നും ബാധിക്കാത്ത ഈ കടയില്‍ വിറകടുപ്പില്‍ ചുട്ടെടുക്കുന്ന ദോശയ്ക്ക് ഒരു രൂപ മാത്രമാണ് വര്‍ഷങ്ങളായി വില.
വിറകടുപ്പില്‍ ഭക്ഷണം പാചകം ചെയ്യുന്നതുകൊണ്ടാണ് അമ്മച്ചിക്കടയില്‍ വിലകുറയാനും കാരണം. വടയ്ക്ക് മൂന്നുരൂപ. ചായക്കാണെങ്കില്‍ ഏഴുരൂപ.
അമ്മച്ചിയുടെ ദോശക്കടയെന്ന് നാട്ടുകാര്‍ വിളിക്കുന്ന ഈ ചായക്കടയില്‍ പുലര്‍ച്ചെമുതല്‍ തിരക്കാണ്.
60 വര്‍ഷത്തെ പാരമ്പര്യമുള്ള ഈ സ്ഥാപനം തുടങ്ങിയത് വത്സലചേച്ചിയുടെ അമ്മ ഭാരതിഅമ്മയാണ്. മൂന്നു പൈസയായിരുന്നു ആദ്യം ദോശയ്ക്ക് വില.