കാസർകോട് : ജീവനക്കാരുടെ അവകാശങ്ങൾ തുടർച്ചയായി നിഷേധിക്കുന്ന ഇടത് സർക്കാർ നടപടികൾക്കെതിരെ മുഴുവൻ ജീവനക്കാരും സർവ്വീസ് സംഘടനകളും യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകണമെന്നും മെഡിസെപ്പ് പദ്ധതിയിൽ നിന്നും കമ്മീഷൻ പറ്റുന്ന ലജ്ജാകരമായ നടപടിയിൽ നിന്നും സർക്കാർ പിൻമാറണമെന്നും സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ (എസ്.ഇ യു) സംസ്ഥാന സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ലീവ് സറണ്ടർ നിഷേധിച്ചും , സംസ്ഥാനം രൂക്ഷമായ വിലക്കയറ്റം നേരിടുമ്പോൾ ക്ഷാമബത്തകൾ അനുവദിക്കാതെയും സർക്കാർ ജീവനക്കാരെ ദ്രോഹിക്കുകയാണ്.
മെഡിസെപ്പ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി മതിയായ ചികിത്സാ സൗകര്യങ്ങളോ സർക്കാർ വിഹിതമോ ഉറപ്പു വരുത്താതെ സർക്കാരിന് ലാഭമുണ്ടാക്കുന്ന പദ്ധതിയാക്കി അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. മാനദണ്ഡ വിരുദ്ധ സ്ഥലം മാറ്റങ്ങൾ തുടർക്കഥയാവുകയാണ്.
പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിച്ചും പെട്രോൾ വില വർധിപ്പിച്ചും കേന്ദ്ര സർക്കാർ സാധരണക്കാരെ ദുരിതത്തിലാക്കുന്നു.
കേന്ദ്ര- കേരള സർക്കാരുകളുടെ കൊള്ളരുതായ്മകൾക്കെതിരെ ഭിന്നതകൾ മാറ്റി വെച്ച് പ്രക്ഷോഭങ്ങളിൽ അണി ചേരണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.
സമാപന സമ്മേളനം എ.കെ. എം.അഷ്റഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അക്ബറലി പാറേക്കോട് അദ്ധ്യക്ഷത വഹിച്ചു.
മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസ മുഖ്യാതിഥിയായിരുന്നു.സി.എം. അസ്കർ, എസ് ഷമീം സംസ്ഥാന സെക്രട്ടറി സലാം കരുവാറ്റ, ടി.എ.സലീം, ജില്ലാ പ്രസിഡന്റ് അബ്ദുറഹിമാൻ തുടങ്ങിയവർ പ്രസംഗിച്ചു.