ഇൻവിറ്റേഷനിലൂടെ മാത്രം ഉപയോഗിക്കാൻ കഴിയുന്നതും ശബ്ദത്തെ മാത്രം അടിസ്ഥാനമാക്കിയുള്ളതുമായ സമൂഹ മാധ്യമ മൊബൈൽ ആപ്ലിക്കേഷൻ ആണ് ക്ലബ്ഹൗസ്. ഇവിടെ വോയ്സ് ചാറ്റ് റൂമുകൾ എന്ന പ്രത്യേക സംവിധാനം ഉപയോഗിച്ച് ഉപയോക്താക്കൾക്ക് പരസ്പരം ആശയവിനിമയം നടത്താൻ കഴിയും. തത്സമയം ചർച്ചകൾ സംഘടിപ്പിക്കാൻ കഴിയുന്ന വോയ്സ് ചാറ്റ് റൂമിൽ ഒരു സമയം 5000 ആളുകൾക്ക് വരെ പങ്കാളികളാകാൻ കഴിയും.
2021-ൽ ടൈം മാഗസിൻ പുറത്തിറക്കിയ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ 100 കമ്പനികളുടെ പട്ടികയിൽ ക്ലബ്ഹൗസും ഇടം പിടിച്ചിട്ടുണ്ട്. ആളുകൾക്ക് ഒന്നിച്ച് ഡിജിറ്റൽ റൂമുകളിൽ ഒത്തുകൂടാനും സാകേതികവിദ്യയും കലയും മുതൽ രാഷ്ട്രീയം വരെ ഏത് വിഷയത്തെക്കുറിച്ചും പരസ്പരം സംസാരിക്കാനും സൗകര്യം ഒരുക്കുന്ന ആപ്പ് എന്നാണ് ടൈം മാഗസിൻ ക്ലബ്ഹൗസിനെ വിശേഷിപ്പിച്ചത്.
2020 മാർച്ചിൽ ഐ ഒ എസ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തനം ആരംഭിച്ച ക്ലബ് ഹൗസ് 2021 മെയ് മുതലാണ് ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ലഭ്യമായത്. പ്രവർത്തനം ആരംഭിച്ചതിന് ശേഷം ഈ ആപ്ലിക്കേഷൻ പ്രതിവാരം 10 ദശലക്ഷത്തിലധികം ആളുകൾ സജീവമായി ഉപയോഗിക്കുന്നുണ്ട്. ടോക് ഷോ എന്ന പേരിൽ ആരംഭിച്ച ഈ ആപ്പ് അതിന്റെ സ്ഥാപകരായ പോൾ ഡേവിസണും രോഹൻ സേത്തും പോഡ്കാസ്റ്റുകൾ പ്രക്ഷേപണം ചെയ്യുന്നതിന് വേണ്ടിയാണ് രൂപകൽപ്പന ചെയ്തിരുന്നത്. ഒപ്ര, ഇലോൺ മസ്ക്, മാർക്ക് സുക്കർബർഗ് തുടങ്ങിയ പ്രഗത്ഭ വ്യക്തിത്വങ്ങൾ അംഗങ്ങളായതോടെ ആപ്പിന്റെ ജനപ്രീതി വർദ്ധിച്ചു.