മഞ്ചേശ്വരത്ത് നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 68 ലക്ഷം രൂപയുടെ അടക്ക ലോഡ് പിഴ ഈടാക്കി വിട്ടുകൊടുത്തു

Latest ഇന്ത്യ കേരളം പ്രാദേശികം

മഞ്ചേശ്വരം: ചരക്ക് സേവന നികുതി നിയമത്തിലെ പഴുതുകള്‍ മുതലെടുത്ത് കേവലം മൂന്ന് മാസം മുമ്പ് മാത്രം രജിസ്‌ട്രേഷന്‍ നേടി കോടികളുടെ ഇടപാട് നടത്തി ഒരു രൂപ പോലും നികുതി അടക്കാന്‍ തയ്യാറാകാതിരുന്ന കോഴിക്കോട് ഫോര്‍ചൂണ്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തില്‍ നിന്നും ഡല്‍ഹിയിലെ കുമാര്‍ എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിലേക്ക് അയച്ച 68 ലക്ഷം രൂപ വില വരുന്ന ചരക്ക് ലോറി സംസ്ഥാന ചരക്ക് സേവന നികുതി എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കസ്റ്റഡിയിലെടുത്തു. നികുതി കുടിശ്ശിക 16,99,363/- രൂപ അടപ്പിച്ചതിന് പുറമേ 6,58,126/- രൂപ പിഴ ഈടാക്കി ചരക്കും വണ്ടിയും ഉടമസ്ഥര്‍ക്ക് വിട്ടുകൊടുത്തു. 2021 ജൂണ്‍ മാസം അവസാനവാരം മാത്രം പുതുതായി രജിസ്‌ട്രേഷന്‍ എടുത്ത പ്രസ്തുത സ്ഥാപനം ആഗസ്റ്റ്, സപ്തംബര്‍ മാസങ്ങളില്‍ മാത്രം 17 കോടി രൂപയുടെ ഇടപാടുകള്‍ നടത്തുകയും ആഗസ്ത് മാസത്തിലെ നികുതി റിട്ടണ്‍ ഫയല്‍ ചെയ്യാതിരുന്നതും ചെയ്തിരുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ജോയിന്റ് കമ്മീഷണര്‍ ഫിറോസ് കാട്ടില്‍, ഡപ്യൂട്ടി കമ്മീഷണ്‍ വി. മനോജ് എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ കൊളത്തൂര്‍ നാരായണന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ്‌റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍മാരായ ശശികുമാര്‍ മാവിങ്കല്‍, പ്രദീഷ് രാജ്, പ്രസാദ് കുറ്റിക്കളത്തില്‍, വി. രാജീവന്‍, ഡ്രൈവര്‍ കെ.വാമന എന്നിവര്‍ ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ 01.30 നാണ് വണ്ടി മഞ്ചേശ്വരം പഴയ ചെക്ക പോസ്റ്റിന് സമീപം വച്ച് കസ്റ്റഡിയിലെടുത്തത്. ഇതേ തുടര്‍ന്ന് അടുത്ത ദിവസം തന്നെ പ്രസ്തുത സ്ഥാപനത്തില്‍ നിന്നുള്ള മറ്റൊരു ലോഡ് കൂടി കണ്ണൂര്‍ പഴയങ്ങാടിയില്‍ വച്ച് നികുതി വകുപ്പ് പിടി കൂടി ആറരലക്ഷത്തോളം രൂപ പിഴ ഈടാക്കി വിട്ടയച്ചിരുന്നു.
അടക്ക, പ്ലൈവുഡ് മേഖലകളില്‍ വലിയ സാമ്പത്തിക ചുറ്റുപുടുകളില്ലാത്ത വ്യക്തികളുടെ പേരില്‍ ബിനാമി രജിസ്‌ട്രേഷന്‍ എടുത്ത് ചുരുങ്ങിയ സമയത്തിനുള്ളില്‍ കോടികളുടെ വ്യാപാരം നടത്തി മുങ്ങുന്ന സംഘം കേരളത്തില്‍ വ്യാപകമായി പ്രവര്‍ത്തനം നടത്തി വരികയാണെന്നും ഇത്തരത്തിലുള്ള സംഘങ്ങളെക്കുറിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി കഴിഞ്ഞതായും ജോയിന്റ് കമ്മീഷണര്‍ ഫിറോസ് കാട്ടില്‍, ഡപ്യൂട്ടി കമ്മീഷണര്‍ വി.മനോജ്, സ്റ്റേറ്റ് ടാക്‌സ് ഒഫീസര്‍ കൊളത്തൂര്‍ നാരായണന്‍ എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *