തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെകണ്ടറി, വൊകേഷണല്‍ ഹയര്‍ സെകണ്ടറി ഒന്നാം വര്‍ഷ പരീക്ഷാ തിയ്യതികളില്‍ മാറ്റമില്ല. നിശ്ചയിച്ച പ്രകാരം സെപ്റ്റംബര്‍ ആറു മുതല്‍ 16 വരെ പരീക്ഷ നടക്കും. സെപ്റ്റംബര്‍ ഏഴു മുതല്‍ 16 വരെ വോകേഷണല്‍ ഹയര്‍സെകന്‍ഡറി പരീക്ഷയും നടക്കും.
ഒന്നാം വര്‍ഷ ഹയര്‍ സെകണ്ടറി, വോകേഷണല്‍ ഹയര്‍ സെകന്‍ഡറി മാതൃകാ പരീക്ഷകള്‍ ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ നാലു വരെ നടക്കും. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ഹയര്‍സെകന്‍ഡറി ചോദ്യമാതൃകകള്‍ പരിചയപ്പെടുന്നതിന് അവസരം നല്‍കുന്നതിനാണ് മാതൃകാ പരീക്ഷ നടത്തുന്നത്.
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ വിദ്യാര്‍ഥികള്‍ക്ക് രക്ഷിതാവിന്റെ മേല്‍നോട്ടത്തില്‍ വീട്ടിലിരുന്നുതന്നെ എഴുതാവുന്നതാണ്. പരീക്ഷ ടൈംടേബിള്‍ പ്രകാരം നിശ്ചിത സമയത്ത് വിദ്യാര്‍ഥികള്‍ക്ക് ചോദ്യപേപ്പര്‍ www.dhsekerala.gov.in എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാവുന്നതാണ്. മാതൃകാ പരീക്ഷ എഴുതിയതിനു ശേഷം അധ്യാപകരുമായി ഡിജിറ്റല്‍ മാധ്യമങ്ങള്‍ മുഖാന്തരം സംശയനിവാരണം നടത്താവുന്നതാണ്. അധ്യാപകര്‍ ആവശ്യമായ സഹായം വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നതാണ്. പരീക്ഷകളുടെ ടൈംടേബിള്‍ വിദ്യാഭ്യാസ വകുപ്പിന്റെ വെബ്സൈറ്റുകളില്‍ ലഭ്യമാകും.
അതിനിടെ ഹയര്‍ സെകന്‍ഡറി, വൊകേഷണല്‍ ഹയര്‍ സെകന്‍ഡറി ഒന്നാം ഘട്ട അലോട്ട്മെന്റ് തീയതി തീരുമാനിച്ചു. ഓഗസ്റ്റ് 24 മുതല്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ടു സ്ട്രീമിലേയ്ക്കും അപേക്ഷ സമര്‍പിച്ച് തുടങ്ങാം. അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്റ്റംബര്‍ മൂന്നാണ്. ട്രയല്‍ അലോട്മെന്റ് സെപ്റ്റംബര്‍ ഏഴിനും ആദ്യ അലോട്മെന്റ് 13 നും നടക്കും