ഹിജാബ് വിലക്ക്: കർണാടക സർക്കാറിന് സുപ്രിംകോടതി നോട്ടീസ്

Latest ഇന്ത്യ

ന്യൂഡൽഹി: ഹിജാബ് വിലക്കിനെതിരെ സമർപ്പിക്കപ്പെട്ട ഹരജിയിൽ കർണാടക സർക്കാറിന് സുപ്രിംകോടതി നോട്ടീസ്് അയച്ചു. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ഹിജാബ് വിലക്ക് ശരിവെച്ചുകൊണ്ടുള്ള കർണാടക ഹൈക്കോടതി വിധിക്കെതിരായ 21 ഹരജികളാണ് സുപ്രിംകോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

കേസ് മാറ്റിവെക്കണമെന്ന ഹരജിക്കാരുടെ അപേക്ഷയെ സുപ്രിംകോടതി എതിർത്തു. അടിയന്തരമായി കേൾക്കണമെന്ന് ആവശ്യപ്പെട്ട ശേഷം മാറ്റിവെക്കാൻ അപേക്ഷ നൽകുന്നത് എന്തിനാണെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത ചോദിച്ചു.

ഇഷ്ടമുള്ള ബെഞ്ചിന് മുമ്പാകെ ഹരജി വരുത്താനുള്ള ശ്രമം അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.രണ്ടു ദിവസം മുമ്പ് മാത്രമാണ് കേസ് ലിസ്റ്റ് ചെയ്തത്, സമയം വളരെ കുറവായതിനാൽ അഭിഭാഷകരിൽ പലരും കർണാടകയിലാണെന്നും അവർക്ക് എത്താൻ കഴിഞ്ഞില്ലെന്നും അതുകൊണ്ട് കേസ് ആറാഴ്ച നീട്ടിവെക്കണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം.

എന്നാൽ കർണാകടയിൽനിന്ന് ഡൽഹിയിലെത്താൻ വെറും രണ്ടര മണിക്കൂർ മാത്രം മതിയെന്നും അതിനെന്തിനാണ് ഇത്രയും നീണ്ട കാലം കേസ് മാറ്റിവെക്കുന്നത് എന്നുമായിരുന്നു കോടതിയുടെ ചോദ്യം. തുടർന്നാണ് കർണാടക സർക്കാറിന് നോട്ടീസയക്കാൻ കോടതി ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *