മുംബൈ: ഇന്ത്യ നിലവിൽ നേരിടുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ മുൻ പ്രധാനമന്ത്രിമാരായ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, ഇന്ദിരാ ഗാന്ധി, മൻമോഹൻ സിങ് എന്നിവർ കൊണ്ടുവന്ന സംവിധാനങ്ങൾ കൊണ്ടാണ് സാധിക്കുന്നതെന്ന് ശിവസേന. ചെറിയ അയൽ രാജ്യങ്ങൾ പോലും ഇന്ത്യയ്ക്ക് സഹായവുമായി എത്തുമ്പോൾ കേന്ദ്രസർക്കാർ സെൻട്രൽ വിസ്ത പദ്ധതിയിലാണ് ശ്രദ്ധിക്കുന്നതെന്നും സേന കുറ്റപ്പെടുത്തി.
പാർട്ടി മുഖപത്രമായ സാംനയിലാണ് വിമർശനങ്ങൾ. ‘കോവിഡിന്റെ വേഗം മൂലം ഇന്ത്യയിൽ നിന്ന് ലോകത്തിന് ഒരു ഭീഷണി ഉണ്ടായി വരുന്നു എന്ന് യൂണിസഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോവിഡിനെ പ്രതിരോധിക്കാൻ പരമാവധി രാജ്യങ്ങളുടെ സഹായം വേണമെന്നാണ് അവർ പറയുന്നത്. അയൽരാജ്യമായ ബംഗ്ലാദേശ് പതിനായിരം റെഡെസിവിർ മരുന്നുകളാണ് അയച്ചത്. ഭൂട്ടാൻ മെഡിക്കൽ ഓക്‌സിജൻ അയച്ചു. നേപ്പാൾ, മ്യാന്മർ, ശ്രീലങ്ക എന്നീ രാഷ്ട്രങ്ങളെല്ലാം ‘ആത്മനിർഭർ’ ഇന്ത്യയിലേക്ക് സഹായങ്ങൾ അയച്ചു’ – സാംന ചൂണ്ടിക്കാട്ടി.