ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു വി സാംസണിന് ടീമിലിടം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും താരത്തെ പരിഗണിച്ചില്ല. 15 അംഗ ടീമിനെയും മൂന്ന് അംഗ റിസര്‍വ് ടീമിനെയുമാണ് പ്രഖ്യാപിച്ചത്. വിരാട് കോഹ്‌ലി ക്യാപ്റ്റനും രോഹിത് ശര്‍മ വൈസ് ക്യാപ്റ്റനുമായി തുടരും. മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയെ ടീമിന്റെ ഉപദേശകനായും നിയമിച്ചു. നിശ്ചിത ഓവര്‍ ടീമിന് ഏറെ നാളായി പുറത്തുള്ള ആര്‍. അശ്വിന്‍ ട്വന്റി 20 ടീമില്‍ ഇടംപിടിച്ചു.
ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുല്‍ ചഹര്‍, രവിചന്ദ്ര അശ്വിന്‍, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചണ്‍ക്രവര്‍ത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.
റിസര്‍വ് ടീം: ശ്രേയസ് അയ്യര്‍, ശര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹര്‍.
അതേസമയം, സ്പിന്നര്‍മാരായ കുല്‍ദീപ് യാദവിനും യുസ്‌വേന്ദ്ര ചഹലിനും ടീമില്‍ ഇടംലഭിച്ചില്ല. ശ്രീലങ്കന്‍ പര്യടനത്തിലെ മോശം പ്രകടനമാണ് മലയാളി താരം സഞ്ജു വി സാംസണ് തിരിച്ചടിയായത്. ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യയെ നയിച്ച ശിഖര്‍ ധവാനും ടീമില്‍ ഇല്ല. ഒക്‌ടോബര്‍ 17 മുതല്‍ യു.എ.ഇലാണ് ലോകകപ്പ് പോരാട്ടങ്ങള്‍.
ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബര്‍ 24ന് പാക്കിസ്ഥാനെതിരെയാണ്. 31ന് ന്യൂസീലന്‍ഡ്, നവംബര്‍ മൂന്നിന് അഫ്ഗാനിസ്ഥാന്‍ എന്നിങ്ങനെയാണ് ഇന്ത്യയുടെ ഗ്രൂപ് റൗണ്ട് മത്സരക്രമം. നവംബര്‍ പത്തിന് സെമി ഫൈനലുകളും നവംബര്‍ 14ന് ഫൈനലും നടക്കും.