ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ഇതിഹാസം മിഥാലി രാജ് രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചു. 23 വർഷം നീണ്ട കരിയറിനൊടുവിലാണ് താരം സജീവക്രിക്കറ്റിന്റെ ക്രീസിൽനിന്ന് പിന്മാറുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.ഫീൽഡിൽ ഇറങ്ങിയപ്പോഴെല്ലാം ഇന്ത്യയെ ജയിപ്പിക്കണമെന്ന ദൃഢനിശ്ചയത്തോടെ എന്റെ പരമാവധി ഞാൻ സമർപ്പിച്ചിട്ടുണ്ട്. മൂവർണത്തെ പ്രതിനിധീകരിക്കാൻ കിട്ടിയ അവസരത്തെ ഞാൻ എപ്പോഴും മനസിൽ താലോലിക്കും. എന്റെ കായിക കരിയറിന് തിരശ്ശീലയിടാൻ പറ്റിയ ഏറ്റവും മികച്ച സമയമാണിതെന്ന് ഇപ്പോൾ തോന്നുന്നു. കാരണം, ഏറെ പ്രതിഭ നിറഞ്ഞ യുവതാരങ്ങളുടെ കൈയിലാണ് ഇപ്പോൾ ടീമുള്ളത്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ശോഭനവുമാണ്-വിരമിക്കൽ കുറിപ്പിൽ മിഥാലി പറഞ്ഞു.
ബി.സി.സി.ഐക്കും ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായ്ക്കും പ്രത്യേകം നന്ദി പറയുകയും ചെയ്തിട്ടുണ്ട് അവർ. താരമെന്ന നിലയിലും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ നായികയെന്ന നിലയിലും അവർ നൽകിയ പിന്തുണയ്‌ക്കെല്ലാം നന്ദിയുണ്ടെന്ന് താരം കുറിച്ചു. വിരമിച്ചെങ്കിലും ഇന്ത്യയിൽ വനിതാ ക്രിക്കറ്റിന്റെ വളർച്ചയ്ക്കായി ഈ മേഖലയിൽ തുടരുമെന്നും മിഥാലി രാജ് കൂട്ടിച്ചേർത്തു.ഇന്ത്യൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന മിഥാലി വനിതാ ക്രിക്കറ്റിൽ ഏറ്റവും റൺസ് നേടിയ താരം കൂടിയാണ്. 232 ഏകദിനങ്ങളിൽ ഇന്ത്യൻ കുപ്പായമിട്ട താരം 50 ശറാശരിയിൽ 7,805 റൺസാണ് വാരിക്കൂട്ടിയത്. 89 ടി20കളിൽനിന്നായി 2,364 റൺസും അടിച്ചെടുത്തിട്ടുണ്ട്. ഇന്ത്യയ്ക്കായി 12 ടെസ്റ്റും കളിച്ചിട്ടുണ്ട്. ഒരു സെഞ്ച്വറിയും നാല് അർധ സെഞ്ച്വറിയും അടക്കം 699 റൺസാണ് ടെസ്റ്റിലെ സമ്പാദ്യം.