തൊടുപുഴ• അമിതവേഗത്തിൽ എത്തിയ ബൈക്ക് ട്രാൻസ്ഫോമറിന്റെ വേലിക്കെട്ടിനുള്ളിലേക്കു പതിച്ച സംഭവത്തിൽ വാഹനം ഓടിച്ച ആൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഇടുക്കി ആർടിഒ. അപകടം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സംഭവത്തിന്റെ കൂടുതൽ റിപ്പോർട്ടുകൾ ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ആർടിഒ വ്യക്തമാക്കി. ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള കർശന നടപടിക്ക് സാധ്യതയുള്ള അപകടമാണിതെന്നും അദ്ദേഹം പറഞ്ഞു.വെള്ളയാംകുടി എസ്എംഎൽ പടിയിൽ വെള്ളിയാഴ്ച വൈകിട്ട് നാലേമുക്കാലോടെ ആയിരുന്നു അപകടം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
നിയന്ത്രണം നഷ്ടമായ ബൈക്ക്, ട്രാൻസ്ഫോമറിനു ചുറ്റും സ്ഥാപിച്ച ഇരുമ്പ് വേലിക്കെട്ടിനുള്ളിലേക്കു പതിക്കുകയായിരുന്നു. ബൈക്ക് വേലിക്കെട്ടിലേക്ക് പതിക്കുന്നതിന് മുൻപു യുവാവ് ബൈക്കിൽനിന്നു തെറിച്ചുവീണതുകൊണ്ട് കാര്യമായ പരുക്കേറ്റില്ല.അപകടം കണ്ട് ആളുകൾ ഓടിക്കൂടിയതോടെ ബൈക്ക് ഓടിച്ച യുവാവ് പിന്നാലെ എത്തിയ സുഹൃത്തിന്റെ ബൈക്കിൽ കയറിപ്പോയി. വിവരമറിഞ്ഞ കെഎസ്‍ഇബി അധികൃതർ വൈദ്യുതി ബന്ധം വിഛേദിച്ചു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് ബൈക്ക് പുറത്തെത്തിച്ചത്.