അൽ അഖ്സ പള്ളിയിൽ ആരാധന നടത്തി ഇസ്രയേൽ മന്ത്രി; ലംഘിച്ചത് വർഷങ്ങൾ പഴക്കമുള്ള ധാരണ, അപലപിച്ച് രാജ്യങ്ങൾ
ജറുസലേം: ഇസ്രയേൽ മന്ത്രി ജറുസലേമിലെ അൽ അഖ്സ പള്ളി വളപ്പിൽ പ്രവേശിച്ച് ജൂത വിശ്വാസ പ്രകാരമുള്ള ആരാധന നടത്തിയതിനെതിരെ പ്രതിഷേധം. ദശാംബ്ദങ്ങൾ പഴക്കമുള്ള ധാരണ ലംഘിച്ചാണ് ഇസ്രയേൽ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ പ്രാർത്ഥന നടത്തിയത്. പശ്ചിമേഷ്യയിലെ ഏറ്റവും സെൻസിറ്റീവായ സ്ഥലങ്ങളിലൊന്നാണിത്. ഗാസ കീഴടക്കാനും പലസ്തീനികളെ പ്രദേശം വിട്ടുപോകാൻ പ്രോത്സാഹിപ്പിക്കാനും ബെൻ ഗ്വിർ ആഹ്വാനം ചെയ്തു. ജോർദാൻ, സൗദി അറേബ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങൾ അപലപിച്ച് രംഗത്തെത്തി.ഞായറാഴ്ചയാണ് തീവ്ര വലതുപക്ഷ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ ജറുസലേമിലെ അൽ അഖ്സ പള്ളി വളപ്പിൽ എത്തിയത്. ഇസ്രയേലി സൈന്യത്തിന്റെ സംരക്ഷണയിൽ നൂറു കണക്കിന് ആളുകളോടൊപ്പം മന്ത്രി അവിടെ പ്രാർത്ഥിച്ചെന്ന് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. ജൂത ആരാധനാലയങ്ങൾ തകർക്കപ്പെട്ടതിന്റെ ഓർമ്മയിൽ ദുഃഖാചരണം നടത്തുന്ന ടിഷാ ബിഅവ് ദിനത്തിലായിരുന്നു പ്രാർത്ഥനഹമാസിനെതിരായ ഇസ്രയേലിന്റെ വിജയത്തിനും ബന്ദികളാക്കപ്പെട്ട ഇസ്രയേലുകാരുടെ മോചനത്തിനും വേണ്ടി പ്രാർത്ഥിച്ചെന്ന് ബെൻ ഗ്വിർ പറഞ്ഞു- “ഗാസ മുനമ്പ് മുഴുവൻ കീഴടക്കുക, ഓരോ ഹമാസ് അംഗത്തെയും ഇല്ലാതാക്കുക, സ്വമേധയായുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കുക. ഇങ്ങനെ മാത്രമേ നമുക്ക് ബന്ദികളെ തിരികെ കൊണ്ടുവരാനും യുദ്ധത്തിൽ വിജയിക്കാനും കഴിയൂ” എന്നാണ് റെക്കോർഡ് ചെയ്ത വീഡിയോ സന്ദേശത്തിൽ മന്ത്രി പറഞ്ഞത്