കളനാട് (കാസർകോട്): മരണത്തിന്റെ വായിൽനിന്ന് ജീവിതത്തിലേക്കൊരു ചാട്ടത്തിൽ വിധിക്കൊപ്പം ഭാഗ്യവും കൂടെ നിന്നതോടെ ഞെക്ലി ബാര മയിലാട്ടിയിലെ എം.ഹരീഷിന് തിരിച്ചുകിട്ടിയത് സ്വന്തം ജീവൻ. ചൊവ്വാഴ്ച വൈകിട്ട് നാലോടെ കളനാട് കട്ടക്കാലിലുണ്ടായ അപകടത്തിലാണ് ബൈക്ക് യാത്രക്കാരനായ മുപ്പത്തിയാറുകാരൻ അദ്ഭുതകരമായി രക്ഷപ്പെട്ടത്.പെരിയയിലെ വാഹനവിൽപ്പനകേന്ദ്രത്തിലെ ജീവനക്കാരനായ ഹരീഷ് ഉദുമയിൽനിന്ന് കാസർകോട്ടേക്ക് പോകവെ കട്ടക്കാൽ കയറ്റം കയറുന്നതിനിടെയാണ് ആടിയുലഞ്ഞുവരുന്ന ലോറി കണ്ടത്.
നിറയെ മുന്തിരിയുമായി കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണോ ഡ്രൈവർ ഉറങ്ങിപ്പോയതാണോ എന്നറിയില്ല. ആ വരവ് തന്റെ നേർക്കാണെന്നറിഞ്ഞ ഹരീഷ് വണ്ടി തൊട്ടുമുന്നിലെത്തിയപ്പോൾ ബൈക്കിൽനിന്ന് വലതുഭാഗത്തേക്ക് ചാടി റോഡിലേക്ക് തെറിച്ചുവീണു.
ഊഹം പിഴച്ചില്ല, ബൈക്കിൽ കയറിയിറങ്ങി ലോറി സമീപത്തെ ഓടയിലേക്ക് മറിഞ്ഞു. പോറലേൽക്കാതെ റോഡിൽ കിടന്ന ഹരീഷിന് വിശ്വസിക്കാനായില്ല, കൺമുന്നിൽ നടന്ന കാര്യങ്ങൾ.സമീപവാസികൾ ഓടിക്കൂടി ഹരീഷിനെ സമാധാനിപ്പിച്ചു.
അപ്പോഴാണ് വലത്തെ കാലിന് ചെറിയൊരു വേദനയുണ്ടെന്ന് ഹരീഷ് മനസ്സിലാക്കുന്നത്. അതിനെക്കുറിച്ച് പറയാൻ ശബ്ദം പുറത്തുവരാത്ത അവസ്ഥയിലായിരുന്നു ഹരീഷ്. ഏറെ പരിശ്രമിച്ച് അതിനെക്കുറിച്ച് പറഞ്ഞതോടെ കളനാട്ടുള്ള സ്വകാര്യ ആസ്പത്രിയിൽ അവരെത്തിച്ചു.
കാലിൽ ചെറിയ പൊട്ടലുണ്ടെന്നതൊഴിച്ചാൽ കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടർ പറഞ്ഞു. ഇതിനിടയിൽ അപകട വിവരമറിഞ്ഞ് സുഹൃത്തുക്കളിൽ ചിലർ ആസ്പത്രിയിലേക്കെത്തി. കൂടുതൽ ചികിത്സയ്ക്കായി അണങ്കൂരിലെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റി.ലോറിയുടെ നിയന്ത്രണംവിട്ടതാണ് അപകടത്തിനിടയാക്കിയത്.
ലോറിമറിഞ്ഞെങ്കിലും മഹാരാഷ്ട്ര സ്വദേശിയായ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടില്ല.ലോറിക്കടിയിൽപ്പെട്ട ബൈക്ക് തകർന്ന് തരിപ്പണമായിരുന്നു. രണ്ട് ചക്രങ്ങൾ മാത്രമാണ് ബൈക്കിന്റെ ഭാഗമായി അവശേഷിച്ചത്. ബാക്കിയെല്ലാം പപ്പടംപോലെ പൊടിഞ്ഞു.