കാസറഗോഡിന് വീണ്ടും അഭിമാന നേട്ടം,വാർത്ത വായിച്ച് അർഷയ്‌ക്ക്‌ ഇന്ത്യാ ബുക്ക് ഓഫ് റെക്കൊഡ്‌

Latest പ്രാദേശികം

നീലേശ്വരം: വാർത്ത വായിച്ച് പി ആർ അർഷ കയറിപ്പറ്റിയത്‌ ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡിൽ. മടിക്കൈ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എസ്‌പിസി വാട്‌സാപ്പ്‌ ഗ്രൂപ്പിൽ ഒരു വർഷത്തിലധിമായി അർഷ വാർത്ത വായിക്കുന്നുണ്ട്‌.
ആദ്യ ലോക്ക് ഡൗൺ കാലത്താണ്‌ വായന തുടങ്ങിയത്‌. യൂണിറ്റിലെ എല്ലാം കുട്ടികളും ക്രമത്തിൽ വാർത്ത വായിക്കുന്ന പരിപാടിയാണ്‌ തുടങ്ങിയത്‌. എന്നാൽ അർഷ മാത്രം വാർത്താവായന മുടക്കാതെ തുടർന്നു. സ്കൂളിലെ പ്രധാനാധ്യാപകൻ പി രാമചന്ദ്രൻ, അധ്യാപകർ, സഹപാഠികൾ എന്നിവരും ഗ്രൂപ്പ് അംഗങ്ങളും പ്രോത്സാഹനവുമായി എത്തി. പത്താംതരത്തിലെ തിരക്കുപിടിച്ച പഠനത്തിനിടയിലും അർഷ എന്നും മുടങ്ങാതെ രാവിലെ എട്ടിന് മുമ്പായി മലയാള ദിനപത്രങ്ങളിലെ പ്രധാന വാർത്തകൾ വായിച്ചു.
കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി കേരള പൊലീസ് ആരംഭിച്ച ചിരി പദ്ധതിയുടെ ജില്ലാ മെന്റർ കൂടിയാണ് ഈ മിടുക്കി. മികച്ച വാർത്താ വായനയ്ക്ക് എസ്‌പിസി ജില്ലാഘടകം അർഷയെ അനുമോദിച്ചിരുന്നു. വിജിലൻസ് വാരാഘോഷത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗ മത്സരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനവും ദേശീയ റോഡ് സുരക്ഷാ മാസാചരണത്തോടനുബന്ധിച്ച് നടത്തിയ ഓൺലൈൻ ക്വിസ് മത്സരത്തിൽ മൂന്നാം സ്ഥാനവും ലൈബ്രറി ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനവും നേടി.
മടിക്കൈ പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ തലക്കാനത്തെ ടി രാജന്റെയും സഹകരണ വകുപ്പ് ജീവനക്കാരി പൂമണിയുടേയും മകളാണ്.

Leave a Reply

Your email address will not be published. Required fields are marked *