കാസര്‍കോട്: വാക്‌സിനേഷന് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന വിവാദ ഉത്തരവ് കാസര്‍കോട് കലക്ടര്‍ പിന്‍വലിച്ചു. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിച്ചത്. ഉത്തരവിന് എതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ വരുമ്ബോള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്നായിരുന്നു ഉത്തരവ്. കഴിഞ്ഞയാഴ്ച ചേര്‍ന്ന ജില്ല ദുരന്ത നിവാരണ അഥോറിറ്റി യോഗത്തിലായിരുന്നു ഈ തീരുമാനം കൈക്കൊണ്ടത്. ഇന്നലെ മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നിരുന്നു. തുടര്‍ന്ന് വലിയ പ്രതിഷേധമാണ് ജില്ലയില്‍ ഉയര്‍ന്നത്.
മഞ്ചേശ്വരം താലൂക്ക് ആസ്പത്രിയിലെ വാക്സിൻ കേന്ദ്രത്തിൽ അക്രമം നടത്തിയ രണ്ടുപേരെ മഞ്ചേശ്വരം പോലിസ് അറസ്റ്റ് ചെയ്തു. ഇച്ചിലംകോട് സ്വദേശി അഭിലാഷ് (31), ബന്തിയോട് സ്വദേശി അനിൽ (32) എന്നിവരാണ് അറസ്റ്റിലായത്. വാക്സിനെടുക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് അക്രമമുണ്ടായത്. കണ്ടാലറിയാവുന്ന 30 പേർക്കെതിരെ പോലീസ് കേസെടുത്തു.
തിങ്കളാഴ്ച രാവിലെ മംഗൽപാടിയിലെ താലൂക്ക് ആസ്പത്രിയിലെ വാക്സിൻ കേന്ദ്രത്തിലാണ് സംഭവം. വാക്സിനെടുക്കാനായി രാവിലെ ഒട്ടേറെപ്പേർ എത്തിയിരുന്നു. എസ്.ടി., എസ്.സി. വിഭാഗങ്ങൾക്കായിരുന്നു തിങ്കഴാഴ്ച വാക്സിൻ നൽകിയിരുന്നത്. എന്നാൽ കളക്ടറുടെ ഉത്തരവുപ്രകാരം ആന്റിജൻ-ആർ.ടി.പി.സി.ആർ. പരിശോധന നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ ആദ്യ ഡോസ് വാക്സിൻ നൽകൂവെന്ന് അധികൃതർ അറിയിച്ചു. ഇതിൽ പ്രകോപിതരായ ഒരുകൂട്ടം ആളുകൾ മംഗൽപാടി പഞ്ചായത്ത് വാർഡംഗം ബാബു, ഇദ്ദേഹത്തിന്റെ മകൻ ഗിരീഷ് എന്നിവരുടെ നേതൃത്വത്തിൽ അക്രമമുണ്ടാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വാക്സിൻ കേന്ദ്രത്തിലെ ലാപ്‌ടോപ്പ് തല്ലിത്തകർത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന ആസ്പത്രി സൂപ്രണ്ടിന്റെ മൊബൈൽ കേടാക്കുകയും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ മർദിക്കുകയും ചെയ്തു. പൊതുമുതൽ നശിപ്പിക്കൽ ജോലി തടസ്സപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ്. മഞ്ചേശ്വരം എസ്.ഐ. എൻ.പി.രാഘവന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.