ഖല്‍ബാണ് ഫാത്തിമ എന്ന മ്യൂസിക് വീഡിയോയിലെ നെഞ്ചിനുളളില്‍ നീയാണ് ഫാത്തിമ എന്ന പാട്ടിലൂടെ കേരളത്തില്‍ വലിയ ആരാധകരെ സൃഷ്ടിച്ചെടുത്ത കലാകാരനാണ് താജുദ്ദീന്‍ വടകര. ചായക്കടയിലും ഗള്‍ഫിലുമൊക്കെ ജീവിക്കാനായി ജോലി ചെയ്തിരുന്ന തന്റെ സൗഭാഗ്യങ്ങള്‍ക്ക് കാരണം ഖല്‍ബാണ് ഫാത്തിമയാണെന്ന് താജുദ്ദീന്‍ പറയുന്നു. പരിപാടികളുമായി വിദേശ രാജ്യങ്ങളിലും വിവിധ സ്ഥലങ്ങളിലും പോയിട്ടുണ്ടെങ്കിലും കാസര്‍കോട് പോലെ നന്മയും സ്നേഹവുമുളള ഒരു സ്ഥലവും വരില്ലെന്നാണ് താജുദ്ദീന്റെ വ്യക്തിപരമായ അനുഭവങ്ങള്‍.
കൊല്ലം ഷാഫിയുമായി ഒരുമിച്ച് കാസര്‍കോട് ഒരു പ്രോഗ്രാം ചെയ്യുന്നതിനായി എത്തിയപ്പോള്‍ സ്റ്റേജില്‍ കയറുന്നതിന് മുന്‍പായി തന്റെ പാന്റ് കീറിയത് അവിടെ ഉണ്ടായിരുന്ന ഒരു യുവാവ് കാണിച്ച് തരികയും കീറിയ പാന്റ് വാങ്ങി, അയാളിട്ടിരുന്ന ജീന്‍സ് ഊരിത്തരികയും ചെയ്ത അനുഭവവും താജുദ്ദീന്‍ ഓര്‍മ്മിക്കുന്നു.
നിസാര്‍ അബൂബക്കര്‍ എന്ന ആ യുവാവുമായി ഏറെ നാള്‍ നീണ്ട സൗഹൃദം ഉണ്ടാകുകയും പിന്നീട് അദ്ദേഹം മരിച്ചുപോവുകയും ചെയ്തുവെന്നും താജുദ്ദീന്‍ പറയുന്നു. ഏഷ്യാവില്‍ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താജുദ്ദീന്റെ വാക്കുകള്‍.
മമ്മൂക്കയെ സിനിമയില്‍ കാണാനല്ല, നേരിട്ട് കാണാനാണ് കൂടുതല്‍ ഭംഗി; ഖല്‍ബാണ് ഫാത്തിമയാണ് സൗഭാഗ്യങ്ങള്‍ക്ക് കാരണമെന്ന് താജുദ്ദീന്‍ വടകര
കാസര്‍കോടിനെക്കുറിച്ച്, അത് പറയാതെ വയ്യാ. എല്ലാ സ്ഥലത്തും എനിക്ക് സൗഹൃദങ്ങളുണ്ട്. തിരുവനന്തപുരം അടക്കം ഏത് ജില്ലയിലും ബന്ധങ്ങളുണ്ട്. മറ്റുളള ഏത് ജില്ലയിലും നാട്ടിലും പ്രോഗ്രാം അവതരിപ്പിക്കാന്‍ പോയിക്കഴിഞ്ഞാല്‍ എങ്ങനെ എങ്കിലും പരിപാടി കഴിഞ്ഞ് നാട്ടില്‍ എത്തിയാല്‍ മതി. പക്ഷേ കാസര്‍കോട് നമ്മള്‍ പരിപാടിക്ക് ചെന്നാല്‍ അവിടുത്തെ ചെറിയ ആള്‍ക്കാര്‍ ആയിക്കോട്ടെ, വലിയ ആള്‍ക്കാരായിക്കോട്ടെ, ഇനി അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ട മന്ത്രിമാരോ, എംഎല്‍എമാരോ, വലിയ കോടീശ്വരന്‍മാരോ ആയിക്കോട്ടെ, അവരുടെ ഒരു സ്‌നേഹവും അവര്‍ നമ്മളോട് പെരുമാറുന്ന രീതിയും ഉണ്ടല്ലോ… പടച്ചോനെ, നമ്മള്‍ വിചാരിക്കും, ഇത് നമ്മുടെ കുടുംബക്കാരാണോ, ഏട്ടനാണോ, അനിയനാണോ പെങ്ങന്‍മാരാണോ, ഉമ്മയാണോ എന്ന്.
അവര്‍ ഭക്ഷണം കഴിച്ചോ എന്ന് മാത്രം ചോദിക്കുന്നത് കേട്ടാല്‍ വിശക്കുന്ന സമയത്ത് ആണേല്‍ നമ്മള്‍ക്ക് വയറ് നിറഞ്ഞുപോകും. പിന്നെ സ്‌നേഹവും മറ്റുളള സഹായങ്ങളുമൊക്കെ ചെയ്യാന്‍ ഉളളവരായിക്കോട്ടെ വാരിക്കോരി തരും. ഇല്ലാത്തവരാണേ, അവരുടെ തടി കൊണ്ട് എങ്കിലും സഹായിക്കും. സ്‌നേഹ പീഡനം എന്നൊക്കെ പറയില്ലേ, അങ്ങനെ വല്ലാത്തൊരു നാടാണ് കാസര്‍കോട്. പിന്നെ എന്താണ് അവരുടെ സൗന്ദര്യം, സിനിമാ നടന്മാര്‍ പിറകില്‍ നില്‍ക്കും അവിടുത്തെ ചുളളന്‍മാരെ കണ്ടുകഴിഞ്ഞാല്‍, സഹായിക്കാനും നല്ല മനസുളളവരാണ് അവര്‍.