തെലങ്കാനയിൽ ആദ്യഘട്ടത്തിൽ 1000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് കിറ്റക്സ്; 4000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് സാബു ജേക്കബ്

Latest ഇന്ത്യ

തെലങ്കാനയിൽ ആദ്യഘട്ടത്തിൽ ആയിരം കോടി രൂപയുടെ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് കിറ്റക്സ്.  തെലങ്കാന സന്ദർശനത്തിന്റെ ആദ്യദിനം തന്നെ നാലായിരം പേർക്ക് തൊഴിൽ ലഭിക്കുന്ന ഡീലാണ് കിറ്റക്സ് പ്രഖ്യാപിച്ചിരിക്കുന്നത്. കിറ്റക്‌സ് മാനേജിംഗ് ഡയറക്ടർ സാബു എം. ജേക്കബുമായി നടത്തിയ ചർച്ച വിജയകരമെന്ന് തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമ റാവു ട്വീറ്റ് ചെയ്തു.
ആയിരം കോടിയുടെ പ്രാരംഭ നിക്ഷേപത്തോടെ കിറ്റക്‌സ് തെലങ്കാനയിൽ രംഗപ്രവേശം ചെയ്യുമെന്ന് ട്വിറ്ററിലൂടെ അദ്ദേഹം പ്രഖ്യാപിച്ചു. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ കുട്ടികൾക്കുള്ളവസ്ത്രനിർമാതാക്കളായ കിറ്റക്‌സ് ഗ്രൂപ്പിന്റെ പ്രവേശനത്തിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഹൈദരാബാദിൽ നിന്നും 150 കിമീ അകലെയുള്ള വാറങ്കൽ ജില്ലയിലെ കാക്കത്തിയ മെഗാ ടെക്സ്റ്റൈൽ പാർക്കിലാണ് കിറ്റക്സ് ടെക്സ്റ്റൈൽ അപ്പാരൽ പ്രോജക്ട് തുടങ്ങുക. രണ്ടു വർഷം കൊണ്ടാണ് ആയിരം കോടി നിക്ഷേപിക്കുക. 4000 പേർക്ക് ഇതുവഴി തൊഴിൽ നല്കാനാകുമെന്നും കിറ്റക്സ് എംഡി സാബു ജേക്കബ് പ്രസ്താവനയിലൂടെ അറിയിച്ചു.

ഇന്ന് ഹൈദരാബാദിൽ തങ്ങുന്ന സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം കേരളത്തിലേക്ക് മടങ്ങും. തെലങ്കാന സർക്കാർ പ്രതിനിധികളുമായി കിറ്റക്സ് സംഘം ഇന്നും ചർച്ച നടത്തിയ ശേഷമായിരിക്കും മടക്കം. ഡീൽ ആയിരം കോടിയിൽ ഒതുങ്ങുമോയെന്നാണ് ഇനി അറിയേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *