കെഎസ്ആര്‍ടിസി തൊഴിലാളികളുടെ സൂചന പണിമുടക്കില്‍ സര്‍വ്വീസുകള്‍ തടസ്സപെട്ടു. സർവ്വീസുകള്‍ മുടങ്ങിയതോടെ യാത്രക്കാര്‍ ബസ് സ്റ്റാന്റുകളില്‍ എത്തിയതിന് ശേഷം മടങ്ങുന്ന കാഴ്ച്ചയാണ് പലയിടങ്ങളിലും കാണാനായത്.
ഭരണാനുകൂല സംഘടനയായ എംപ്ലോയീസ് അസോസിയേഷനും പണിമുടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് സമരം പൂർണ്ണമാണ്.
ഇന്നലെ അർദ്ധരാത്രി മുതലാണ് സമരം ആരംഭിച്ചത്.
ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ടാണ് കെഎസ്ആര്‍ടിസി തൊഴിലാളികള്‍ 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് നടത്തുന്നത്.
കെഎസ്ആര്‍ടിസിയുടെ അംഗീകൃത യൂണിയനുകളാണ് പണിമുടക്കുന്നത്. എന്നാല്‍ സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നും നാളേയും ജോലിക്ക് ഹാജരാകാത്ത തൊഴിലാളികളുടെ വേതനം ശമ്പളത്തില്‍ നിന്ന് പിടിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.