കുമ്പള:
കുമ്പളയുടെ തീര മേഖല കളിൽ അനധികൃത മണൽ കടത്ത് വ്യാപകം.
കുമ്പള കൊയിപാടി കടപ്പുറത്ത് നിന്നും മൊഗ്രാൽ പുഴയോരത്ത് നിന്നുമാണ് രാത്രിയുടെ മറവിൽ അധികൃതരുടെ ഒത്താശയോടെ വ്യാപക മണൽ കടത്ത് നടക്കുന്നത്.
പിക്കപ്പ് ,സുമോ എന്നിവാഹനങ്ങൾ ഉപയോഗിച്ചാണ് മണൽ കടത്ത് നടക്കുന്നത്.
ഇവിടങ്ങളിൽ നിന്നും ചെറു വാഹനങ്ങളിൽ കടത്തുന്ന മണൽ പേരാൽ റോഡിലെ ബദ്രിയാ നഗറിൽ കൂട്ടിയിട്ട് ടിപ്പർ ലോറികളിൽ കടത്തുകയാണ് പതിവ്.
മൊഗ്രാൽ പുഴയോരത്ത് അനധികൃത കടവ് ഉണ്ടാക്കിയാണ് ഇവിടെ നിന്നും മണൽ കടത്തുന്നത്.
അനധികൃത കടവിനെതിരേ പ്രദേശവാസികൾ പൊലിസിലും റവന്യു അധികാരികൾക്കും പരാതി നൽകിയെങ്കിലും മണൽ മാഫിയക്കെതിരെ നടപടി സ്വീകരിക്കാൻ അധികാരികൾ തയ്യാറാവുന്നില്ലെന്ന് മാത്രമല്ല ചില ഉദ്യോഗസ്ഥരുടെ മൗന സമ്മതം ഉണ്ടെന്നതും വ്യക്തമാണ്.
കുമ്പള പൊലിസ് സ്റ്റേഷന് മൂക്കിന് താഴെ ഫിഷിങ്ങ് ഷെഡിന് സമീപത്ത് നിന്നും നടക്കുന്ന വ്യാപകമായുള്ള മണൽ കടത്തും കണ്ടില്ലെന്ന് നടിക്കുന്ന നിലപാടാണ് അധികൃതരുടേത്.
അധികൃതർ മണൽ മാഫിയക്ക് കുട പിടിക്കുന്ന നിലപാടിനെതിരെ പ്രതിഷേധം ശക്തമാണ്.