കുമ്പള: കുമ്പള നഗരത്തിലെ ഹൃദയഭാഗത്ത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തില്‍ വഴിയോര കച്ചവടം നടത്തുന്നത് സ്ത്രീകളടക്കമുള്ള കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയതിന് കുമ്പള പഞ്ചായത്ത് സെക്രട്ടറി ശാരീരികവും മാനസികവുമായി പീഡിപിക്കുന്നതായി കുമ്പള ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മദര്‍ പി.ടി.എ പ്രസിഡന്റ് വിനീഷ ബാലകൃഷ്ണന്‍ കുമ്പള പ്രസ് ഫോറത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ജൂലൈ എട്ടിനാണ് മേല്‍ വിഷയം സംബന്ധിച്ച് കുമ്പള പഞ്ചായത്ത് സെക്രട്ടറിക്ക് താന്‍ പരാതി നല്‍കിയത്.
നൂറ് കണക്കിന് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ പോകുന്ന വഴിയില്‍ പെണ്‍കുട്ടികള്‍ക്ക് മോശമായ അനുഭവം ഉണ്ടാകുന്നത് പതിവാണ്.
കുട്ടികള്‍ രക്ഷിതാക്കളോടും അധ്യാപകരരോടും പരാതി പറയുന്നത് പതിവായതോടെയാണ് ഇക്കാര്യത്തില്‍ ഇടപെട്ടത്. ഇടുങ്ങിയ ഫൂട് പാത്തിലെ കച്ചവടം ഒഴിപ്പിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നാണ് വിനീഷ പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്.
വാക്കാല്‍ പരാതി പറഞ്ഞിട്ടും കൂട്ടാക്കിയില്ല. അതിനാലാണ് രേഖാമൂലം പരാതി നല്‍കിയത്.
ദിവസങ്ങള്‍ കഴിഞ്ഞിട്ടും പരാതിയില്‍ ഏതൊരു വിധ തുടര്‍ നടപടികളും ഉണ്ടാകാത്തതോടെ അന്വേഷിക്കാനെത്തിയപ്പോള്‍ നിങ്ങള്‍ തന്നെ വെറുതെ വിടണമെന്നും, തന്നെ സംരക്ഷിക്കണമെന്നും പ്രസിഡന്റും, ജെ.എസുമായി ഗൂഡാലോചന നടത്തിയല്ലേ നിങ്ങള്‍ പരാതിയുമായി വന്നതെന്നാണ് സെക്രട്ടറി ചോദിച്ചത്.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കുമ്പളയില്‍ സാമൂഹിക, മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായി ഇടപെടുന്ന വ്യക്തിയാണ് താന്‍.
നിരവധി പൊതു വിഷയങ്ങളില്‍ പരാതി നല്‍കിയിട്ടുണ്ട്.
ജനങ്ങളെ ബാധിക്കുന്ന തരത്തില്‍ പരാതി നല്‍കിയതിന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്നും ഇത്തരമൊരു ദുരനുഭവമുണ്ടാകുന്നത് ആദ്യമാണ്.
പരാതിയിലെ നടപടികള്‍ അന്വേഷിക്കാനെത്തിയപ്പോള്‍ സെക്രട്ടറി ഒച്ചപ്പാടുണ്ടാക്കി. സെക്രട്ടറിയുടെ സമ്മതത്തോടെ നിരവധി പേര്‍ തന്റെ വീഡിയോ ചിത്രീകരിച്ചു.
വലിയ രീതിയില്‍ ശാരീരിക, മാനസിക ഉപദ്രവങ്ങള്‍ക്ക് സെക്രട്ടറി തന്നെ ഇരയാക്കി. വിഷയം കുമ്പള പൊലിസ് സ്റ്റേഷനില്‍ എത്തിയതോടെ ഒരു പൊലിസ് ഉദ്യോഗസ്ഥന്‍ താന്‍ റിമാണ്ടിലാകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും, അപമര്യാദയായി പെരുമാറുകയും ചെയ്തു.
തനിക്കുണ്ടായ ദുരനുഭവത്തില്‍ പരാതി നല്‍കിയതോടെ ഇതേ പൊലിസ് ഉദ്യോഗസ്ഥന്‍ തന്നെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചതായും വിനീഷ പറഞ്ഞു.
സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് വനിതാ കമ്മീഷന്‍, മനുഷ്യാവകാശ കമ്മീഷന്‍, ജില്ലാ കലക്ടര്‍, ജില്ലാ പൊലിസ് മേധാവി എന്നിവര്‍ക്ക് പരാതി വിനീഷ നല്‍കിയിട്ടുണ്ട്. നിരവധി സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ അപവാദങ്ങള്‍ പ്രചരിപ്പിക്കുകയാണ്. നാല് പെണ്‍കുട്ടികളുടെ മാതാവായ താന്‍ ഇത്തരം സംഭവങ്ങളെ തുടര്‍ന്ന് വലിയ മാനസിക സംഘര്‍ഷത്തിലാണ്.
സെക്രട്ടറിക്ക് നല്‍കിയ പരാതിയില്‍ ഇതുവരെയും നടപടി സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല.
തനിക്ക് നീതി ലഭിക്കണം. അതിനായി ഏതറ്റം വരെ പോകാന്‍ തയ്യാറാണെന്നും, സ്ത്രീ ശാക്തീകരണത്തിന് രൂപീകൃതമായ ഏഷ്യയിലെ ഏറ്റവും പ്രസ്ഥാനമായ കുടുംബശ്രീയുടെ സജീവ പ്രവര്‍ത്തകയായ തനിക്ക് ഇത്തരമൊരു ദുരനുഭവമുണ്ടായെങ്കില്‍ സാധാരണക്കാരായ സ്ത്രീയുടെ അവസ്ഥ എന്താകുമെന്നും വിനീഷ
ചോദിച്ചു.