കുമ്പള: കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്ന് കുമ്പള റെയിൽവേ സ്റ്റേഷനിൽ വെള്ളം കയറി. ദേശീയ പാതയിൽ നിന്നടക്കം മഴവെള്ളം സ്റ്റേഷനിലേക്ക് ഇരച്ചു കയറുകയായിരുന്നു. ട്രെയിൻ കയറാൻ എത്തിയവർ മുട്ടോളം വെള്ളത്തിലാണ് ട്രെയിൻ കാത്തു നിന്നത്.
എല്ലാ വർഷവും ശക്തമായ മഴയുണ്ടാകുമ്പോൾ കുമ്പള സ്റ്റേഷന്റെ അവസ്ഥ ഇത് തന്നെയാണെന്ന് യാത്രക്കാർ പറയുന്നു. ടികറ്റ് കൗണ്ടറിന് മുമ്പിലും പ്ലാറ്റ്ഫോമിലും മലിനജലം ഒഴുകി പരക്കുകയായിരുന്നു.ചൊവ്വാഴ്ച ഉച്ചയോടെ മഴ കുറഞ്ഞതിനാൽ വെള്ളകെട്ടിന് താൽകാലിക പരിഹാരമായിട്ടുണ്ട്.
റോഡിൽ നിന്നും താഴ്ചയിലാണ് കുമ്പള റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. അത് കൊണ്ട് തന്നെ ഇവിടെ ചെറിയ മഴയ്ക്ക് പോലും വെള്ളം കയറുന്ന സ്ഥിതിയാണ്.കൂടാതെ വിശാലമായ സ്ഥലവും ദേശീയപാതയുടെ സമീപത്താണ് സ്ഥിതി ചെയ്യുന്നതെന്നടക്കമുള്ള അനവധി അനുകൂല ഘടകങ്ങൾ ഉണ്ടായിട്ടും കുമ്പള റയിൽവേ സ്റ്റേഷന്റെ വികസനത്തിന് അധികൃതർ വേണ്ടതൊന്നും ചെയ്യുന്നില്ലെന്ന പരാതി വ്യാപകമാണ്.