കോഴിക്കോട്:പാണക്കാട് കുടുംബത്തെയും മുസ്ലിം ലീഗിനെയും മറയാക്കി കുഞ്ഞാലിക്കുട്ടി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നും അതേക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും കോഴിക്കോട് ചേർന്ന നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കുഞ്ഞാലിക്കുട്ടിയുടെയും മറ്റും സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് കേന്ദ്ര അന്വേഷണ ഏജൻസി ഉൾപ്പെടെ അന്വേഷിക്കണം. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പേരിൽ കോടികൾ ചിലവഴിച്ചു നടപ്പിലാക്കുന്ന ബൈത്തുറഹ്മ ഭവന പദ്ധതിയിലും കുഞ്ഞാലിക്കുട്ടിയും ബിനാമികളും കോടികളുടെ കള്ളപ്പണം വെളുപ്പിക്കാൻ മറയാക്കിയത് ആയി സംശയിക്കുന്നു. ബൈത്തുറഹ്മ ഭവന പദ്ധതിയിലെ ഫണ്ടിങ് വെളിപ്പെടുത്താൻ മുസ്ലിംലീഗ് നേതൃത്വം തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. മുസ്ലിംലീഗിലെ മാഫിയാ രാഷ്ട്രീയത്തിനെതിരെ വിരൽ ഉയർത്തിയ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഇബ്രാഹിം സുലൈമാൻ സേട്ടു സാഹിബ് ഉയർത്തിയ ധാർമിക ആദർശ പോരാട്ടത്തെ ഏറ്റെടുത്തിരിക്കുകയാണ്. ഇത് മുസ്ലിംലീഗിലെ കുഞ്ഞാലിക്കുട്ടി മാഫിയ രാഷ്ട്രീയത്തിന് അവസാനം കുറിക്കും. മുഹീൻ അലി ശിഹാബ് തങ്ങളുടെ നിലപാടിനെ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയോഗം സ്വാഗതം ചെയ്തു.
നാഷണൽ യൂത്ത് ലീഗിൽ മെമ്പർഷിപ്പ് പോലുമില്ലാത്തയാളെ ജനറൽസെക്രട്ടറി ആക്കി വിമത കമ്മിറ്റി ഉണ്ടാക്കി സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയവരെ നാഷണൽ യൂത്ത് ലീഗിൽ നിന്ന് പുറത്താക്കിയതായി സംസ്ഥാന കമ്മിറ്റി യോഗം അറിയിച്ചു. നാഷണൽ യൂത്ത് ലീഗിൻറെ പേരും പതാകയും ദുരുപയോഗം ചെയ്യുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തിൽ നാഷണൽ യൂത്ത്ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വ:ഷമീർ പയ്യനങ്ങാടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഫാദിൽ അമീൻ, സംസ്ഥാന ട്രഷറർ റഹീം ബെണ്ടിച്ചാൽ, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ അഷ്റഫ് പുതുമ, നാസർ കൂരാറ,ജെയിൻ ജോസഫ്, സംസ്ഥാന സെക്രട്ടറിമാരായ ഷാജി ഷമീർ,റയാൻ പറക്കാട് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.