കെവൈസി ആവശ്യപ്പെട്ടു മെസേജ്, നഷ്ടമായത് 23,500 രൂപ!

Latest ഇന്ത്യ കേരളം പ്രാദേശികം

കെവൈസി ആവശ്യപ്പെട്ടും മറ്റും സംസ്ഥാനത്ത് പണം തട്ടുന്നത് സർവസാധാരണമായി കഴിഞ്ഞു.

ജാഗ്രത പുലർത്തിയില്ലെങ്കിൽ അടുത്ത ഇര നിങ്ങളാകാം എന്ന് സംസ്ഥാന പോലീസിന്റെ സൈബർസെല്ലിന്റെ അനുഭവ സാക്ഷ്യങ്ങൾ മുന്നറിയിപ്പ് നൽകുന്നു.

‘10,000, 10,000, 3,500 എന്നിങ്ങനെ 3 തവണയായി എന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 23,500 രൂപ നഷ്ടപ്പെട്ടു.

എനിക്ക് മെസേജ് ഒന്നും ലഭിച്ചില്ല. മിനി സ്റ്റേറ്റ്മെന്റ് പരിശോധിച്ചപ്പോഴാണ് പണം പോയ കാര്യം അറിഞ്ഞത്’.

സൈബർസെല്ലിലേയ്ക്കു വന്ന പരാതിയാണിത്.

പരാതി സത്യമാണെന്നു തെളിഞ്ഞു. എന്നാൽ, അക്കൗണ്ട് ഉടമ അറിയാതെ പണം പോയതിൽ ആശയക്കുഴപ്പമായി.

വിശദമായി സംസാരിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട ദിവസം രാവിലെ ഫോണിലേക്ക് ഒരു മെസേജ് വന്ന കാര്യം പരാതിക്കാരൻ പറയുന്നത്.

കെവൈസി (നോ യുവർ കസ്റ്റമർ) ഉടൻ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ അക്കൗണ്ട് ക്ലോസ് ആകുമെന്നുമായിരുന്നു ആ മെസേജ്.

പെൻഷൻ അക്കൗണ്ട് ആയതിനാൽ അദ്ദേഹം ഉടൻതന്നെ മെസേജിലെ ലിങ്കിൽ കയറി ഫോൺ നമ്പർ, പാൻനമ്പർ, ഒടിപി തുടങ്ങിയവ നൽകി.

തുടർന്ന് അക്കൗണ്ട് ‘റെഡി’ ആയെന്ന് മെസേജും ലഭിച്ചു.

ഇതോടെ പൊലീസിന് കാര്യങ്ങൾ വ്യക്തമായി. അന്വേഷണത്തിൽ.

തമിഴ്നാട് കാഞ്ചിപുരത്തുള്ള അക്കൗണ്ടിലേക്കായിരുന്നു പണം പോയത്.

പക്ഷേ, അക്കൗണ്ടുമായി ബന്ധിപ്പിച്ചിരുന്ന ഫോൺ നമ്പർ ഒഡീഷയിൽനിന്നുള്ളതും.

അന്വേഷണം വ്യാപിപ്പിച്ചെങ്കിലും പ്രതികളെ പിടികൂടാനായില്ല.

കെവൈസി ഉൾപ്പെടെ ബാങ്കുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനും ഒടിപിയോ പാൻനമ്പറോ മറ്റു വിവരങ്ങളോ ബാങ്ക് അധികൃതർ ഫോൺ മുഖേന ആവശ്യപ്പെടില്ലെന്ന് എല്ലാ ബാങ്കുകളും ആവർത്തിച്ചു പറ‍ഞ്ഞിട്ടും സാധാരണക്കാർ ഇപ്പോഴും അതിന്റെ ഗൗരവം മനസ്സിലാക്കാത്തതാണ് ഇത്തരം തട്ടിപ്പുകൾ വ്യാപകമാകാൻ കാരണം.

Leave a Reply

Your email address will not be published. Required fields are marked *