കാസർകോട് ∙ കേന്ദ്ര മോട്ടർ വാഹന നിയമ ഭേദഗതി ജൂലൈ 1 മുതൽ നടപ്പിൽ വരുമെന്ന പ്രഖ്യാപനത്തിൽ ഡ്രൈവിങ് സ്കൂൾ ഉടമകൾ ആശങ്കയിൽ. ഡ്രൈവിങ് സ്കൂൾ ഉടമകൾ ചേർന്നു സൊസൈറ്റി രൂപീകരിച്ചിട്ടുണ്ട്. നിയമത്തിന്റെ വിശദമായ വിവരങ്ങൾ എങ്ങനെയെന്ന് ഇപ്പോഴും പല സ്കൂൾ ഉടമകൾക്കും അറിയില്ല.
ഇത്ര വേഗത്തിൽ നിയമ ഭേദഗതി നടപ്പാക്കുന്നത് അപ്രായോഗികമാണെന്നാണ് ഡ്രൈവിങ് സ്കൂളുടമകൾ പറയുന്നത്. അക്രഡിറ്റഡ് ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളിൽ നിന്ന് കോഴ്സ് പൂർത്തിയായവർക്കു മാത്രം ലൈസൻസ് നൽകുന്ന രീതിക്ക് തുടക്കമായാൽ നിലവിലെ ഡ്രൈവിങ് സ്കൂളുകളുടെ സ്ഥിതി എന്താകുമെന്നതാണു പ്രധാന ആശങ്ക. നിലവിലെ സംവിധാനം ഉടൻ പിൻവലിക്കാത്തതിനാൽ തൽക്കാലം ബാധിക്കില്ല എന്നതു മാത്രമാണ് ആശ്വാസം. ചെറുകിടക്കാരെ ഒഴിവാക്കാനുള്ള ശ്രമമാണെന്നാണ് സ്കൂൾ ഉടമകളുടെ ആരോപണം.
നിർദേശങ്ങൾ നടപ്പാക്കാൻ ചെലവ് ലക്ഷങ്ങൾ
ഡ്രൈവിങ് സ്കൂളുകൾക്ക് സ്വന്തമായി 2 ഏക്കറോളം ഭൂമി വേണമെന്ന നിർദേശം പ്രായോഗികമല്ല എന്നാണ് ഡ്രൈവിങ് സ്കൂൾ ഉടമകൾ പറയുന്നത്. മിക്ക സ്ഥാപനങ്ങൾക്കും വാടകക്കെട്ടിടങ്ങളിൽ ഓഫിസ് മുറി മാത്രമാണുള്ളത്. വിജ്ഞാപനത്തിൽ പറയുന്ന സംവിധാനങ്ങളൊരുക്കണമെങ്കിൽ ലക്ഷക്കണക്കിനു രൂപ ചെലവഴിക്കേണ്ടി വരും. കോവിഡ് കാല നിയന്ത്രണങ്ങൾക്കു ശേഷം വളരെ പ്രയാസപ്പെട്ടാണ് ഡ്രൈവിങ് സ്കൂളുകൾ പ്രവർത്തിക്കുന്നതെന്നും ഉടമകൾ പറയുന്നു. മലയോരത്ത് 1 ഏക്കർ സ്ഥലം പരിശീലനത്തിനായി തയാറാക്കണമെങ്കിൽ വലിയ അളവിൽ മണ്ണു നീക്കം ചെയ്യേണ്ടിയും പാറ പൊട്ടിക്കേണ്ടിയും വരും. ഇതു പ്രാദേശികമായി നിയമക്കുരുക്കുകളിൽ പെടാനും സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
ജില്ലയിൽ 150ലേറെ ഡ്രൈവിങ് സ്കൂളുകൾ
ജില്ലയിൽ നൂറ്റൻപതിലേറെ ഡ്രൈവിങ് സ്കൂളുകളുണ്ട്. കേന്ദ്ര സർക്കാർ നിയമ ഭേദഗതിയിലെ കാര്യങ്ങൾ അപ്രായോഗികമാണെന്നാണ് ഡ്രൈവിങ് സ്കൂൾ ഉടമകളുടെ വാദം. മിക്ക പരിശീലന കേന്ദ്രങ്ങളും അടച്ചു പൂട്ടേണ്ടി വരും. ആയിരക്കണക്കിനാളുകൾ തൊഴിൽരഹിതരാകും. ഈ മേഖലയിലേക്ക് വൻകിട കുത്തകകളെ കൊണ്ടുവരാനുള്ള നീക്കമാണിതെന്നും ആരോപണമുണ്ട്. സ്വയം തൊഴിൽ കണ്ടെത്തുന്ന മേഖലയെ സ്വകാര്യ കുത്തകകളെ ഉപയോഗിച്ച് തകർക്കാനുള്ള ശ്രമമാണെന്നും വിമർശനമുണ്ട്.
കരട് പ്രസിദ്ധീകരിച്ചത് മാർച്ചിൽ
ഭേദഗതിയുടെ കരട് മാർച്ച് മാസത്തിൽ കേന്ദ്രം പുറത്തിറക്കിയിരുന്നു. ഡ്രൈവർ ട്രെയിനിങ് കേന്ദ്രങ്ങൾ എങ്ങനെയായിരിക്കണമെന്നും എന്തെല്ലാമാണ് പഠിപ്പിക്കേണ്ടതെന്നും സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയ വിജ്ഞാപനത്തെ സംബന്ധിച്ച് പരാതികളും നിർദേശങ്ങളും നൽകാൻ ഒരു മാസത്തോളം സമയം അനുവദിച്ചിരുന്നു. എന്നാൽ ഇതിൽ എത്ര ഫലം കാണുമെന്നുള്ള ആശങ്കയിലാണ് ഡ്രൈവിങ് സ്കൂൾ ഉടമകൾ. ലേണേഴ്സ് സംവിധാനം തുടരുമെന്നാണു സൂചന. എന്നാൽ ഹെവി വാഹനങ്ങളുടെ കാര്യം കരട് രേഖയിൽ പ്രത്യേകം പറഞ്ഞിരുന്നില്ല.
വിജ്ഞാപനത്തിലെ നിർദേശങ്ങൾ
ആർടി ഓഫിസിൽ നൽകേണ്ട രേഖകളിൽ ഡ്രൈവിങ് കോഴ്സ് സർട്ടിഫിക്കറ്റും ഹാജരാക്കണമെന്ന രീതിയിലുള്ള ഭേദഗതികളാണ് വരിക. 1989ലെ മോട്ടർ വാഹന ചട്ടം ഭേദഗതി ചെയ്യാനാണിത്. – പ്ലസ് ടു യോഗ്യതയുള്ള, 5 വർഷം ഡ്രൈവിങ് പരിചയമുള്ളവർക്ക് പരിശീലന കേന്ദ്രം തുടങ്ങാം –തുടങ്ങുന്ന വ്യക്തിക്കോ ജീവനക്കാരനോ മോട്ടർ മെക്കാനിക്സിൽ മികവ് തെളിയിച്ച രേഖകൾ വേണം (മെക്കാനിക്കൽ എൻജിനീയറിങ്ങിൽ അംഗീകൃത സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മുൻഗണന) –സമതല പ്രദേശത്ത് 2 ഏക്കർ, മലയോരത്ത് ഒരു ഏക്കർ ഭൂമി നിർബന്ധം –രണ്ട് ക്ലാസ് മുറി, കംപ്യൂട്ടർ, മൾട്ടിമീഡിയ പ്രൊജക്ടർ, ബ്രോഡ്ബാൻഡ് കണക്ടിവിറ്റി, ബയോമെട്രിക് ഹാജർ എന്നിവ നിർബന്ധം –കയറ്റിറക്കം പരിശീലിപ്പിക്കാനുള്ള ഡ്രൈവിങ് ട്രാക്ക്, വർക്ക് ഷോപ്പ് നിർബന്ധം –സെന്ററിന്റെ അനുമതി 5 വർഷം കൂടുമ്പോൾ പുതുക്കണം
സിലബസ് തീർക്കാൻ കുറഞ്ഞ സമയം
ലൈറ്റ് മോട്ടർ വാഹനങ്ങൾ 29 മണിക്കൂർ, ഹെവി വാഹനങ്ങൾക്ക് 38 മണിക്കൂറുമാണു ക്ലാസ് – ഡ്രൈവിങ് തിയറി, ഗതാഗത വിദ്യാഭ്യാസം, വാഹനത്തിന്റെ അടിസ്ഥാന യന്ത്ര അറിവ്, പബ്ലിക് റിലേഷൻ, പ്രഥമ ശുശ്രൂഷ, ഇന്ധന ക്ഷമത തുടങ്ങിയ കാര്യങ്ങൾ തിയറി ക്ലാസിൽ ഉൾപ്പെടുന്നു –ഹെവി വാഹനങ്ങളുടെ കാര്യത്തിൽ ലഹരി, മദ്യം, എയ്ഡ്സ് ബോധവൽക്കരണം, വാഹന അറ്റകുറ്റപ്പണി എന്നിവ ഉൾപ്പെടുന്നു –നഗര–ഗ്രാമ റോഡുകളിൽ പ്രായോഗിക പരിശീലനത്തിന് കൂടുതൽ സമയം വേണം
ഏറെ നാളായുള്ള നടപടി ക്രമങ്ങൾ
കഴിഞ്ഞ 10 വർഷത്തിലേറെയായി ഇത്തരത്തിൽ നിയമ ഭേദഗതിക്കു നീക്കങ്ങൾ നടക്കുന്നുണ്ട്. വൻകിട കമ്പനികൾ ഡ്രൈവിങ് പരിശീലനത്തിലേക്കു കടന്നത് ഇതിന്റെ ഭാഗമായാണെന്നും ആരോപണമുണ്ട്. കരട് വിജ്ഞാപനം നടപ്പായാൽ ഇതിനെ അട്ടിമറിക്കലാകും. ഏജൻസികൾ കോഴ്സ് സർട്ടിഫിക്കറ്റ് നൽകിയാൽ മോട്ടർ വാഹന വകുപ്പ് ലൈസൻസ് നൽകണമെന്നുള്ള നിർദേശത്തിനെതിരെയും വിമർശനങ്ങളുയരുന്നുണ്ട്. നിലവിൽ എതിരഭിപ്രായം രേഖപ്പെടുത്താൻ സമയമുണ്ടെങ്കിലും കാലക്രമേണ നിയമങ്ങൾ നടപ്പാക്കാൻ അധികൃതർ ശ്രമിക്കുമെന്നാണ് എല്ലാവരും കരുതുന്നത്.
ഡ്രൈവിങ് സ്കൂളുകൾ സൊസൈറ്റികൾ രൂപീകരിച്ച് അക്രഡിറ്റഡ് സ്കൂളുകൾ തുടങ്ങേണ്ടി വരുമെന്ന ആശങ്കയുണ്ട്. അങ്ങനെ ചെയ്താലും എത്ര പേർക്ക് അതിലേക്ക് കടന്നു വരാമെന്നതിൽ സംശയമുണ്ട്. നിലവിലെ ഡ്രൈവിങ് ടെസ്റ്റ് സംവിധാനത്തെ സ്വകാര്യ കുത്തകകൾക്ക് നൽകാനുള്ള ശ്രമമാണു നടക്കുന്നത്. ഇപ്പോളും കോഴ്സ് സർട്ടിഫിക്കറ്റ് നൽകുന്നുണ്ട്. നിയമത്തിലെ നിർദേശങ്ങൾ പ്രകാരം സൗകര്യമൊരുക്കിയാൽ ഡ്രൈവിങ് പഠിക്കാനുള്ള ഫീസ് വിദേശ രാജ്യങ്ങളിലെപ്പോലെ കുത്തനെ ഉയരും.