ആര്‍എസ്എസ് ശാഖ സംരക്ഷിക്കാന്‍ ആളെ വിട്ടു നല്‍കിയിട്ടുണ്ട്: വെളിപ്പെടുത്തലുമായി കെ. സുധാകരന്‍

Latest കേരളം പ്രാദേശികം

ആര്‍എസ്എസിനെ സംരക്ഷിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍. കണ്ണൂര്‍ ജില്ലയിലെ എടക്കാട്, തോട്ടട, കിഴുന്ന മേഖലയില്‍ ആര്‍എസ്എസ് ശാഖ തകര്‍ക്കാന്‍ സിപിഎം ശ്രമിച്ചിരുന്നെന്നും, ആ സമയത്ത് ആളെ അയച്ച് സംരക്ഷണം നല്‍കിയിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

കണ്ണൂര്‍ എംവി രാഘവന്‍ അനുസ്മരണ പരിപാടിയിലാണ് സുധാകരന്റെ പരാമര്‍ശം.സിപിഎമ്മുകാര്‍ ശാഖ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ മൗലികാവകാശങ്ങള്‍ തകരാതെയിരിക്കാനാണ് അങ്ങനെ ചെയ്തത്. ആര്‍.എസ്.എസ് ആഭിമുഖ്യമില്ലെന്നും ആര്‍.എസ്.എസ് രാഷ്ട്രീയവുമായി ഒരുകാലത്തും ബന്ധപ്പെട്ടിട്ടില്ലെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റാനുള്ള നീക്കം അംഗീകരിക്കില്ലെന്നും സുധാകരന്‍ വ്യക്തമാക്കി. ഗവര്‍ണറുടെ അധികാരം നിലനിര്‍ത്തി കൊണ്ടു പോകണം. യൂണിവേഴ്‌സിറ്റികളില്‍ രാഷ്ട്രീയ നിയമനം നടത്താനുള്ള ശ്രമമാണ് പുതിയ ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു.

ബില്ല് നിയമസഭയില്‍ വരുമ്പോള്‍ ശക്തമായി എതിര്‍ക്കും. യുഡിഎഫിന്റെ അഭിപ്രായമാണിത്. വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം ഉടന്‍ വിളിക്കും. പല സംസ്ഥാനങ്ങളില്‍ പല തീരുമാനമുണ്ടാവും. അതുകൊണ്ടാണ് തമിഴ്‌നാട്ടില്‍ വേറെ നിലപാടെടുത്തതെന്നും കെ സുധാകരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *