കര്‍ണാടകയുടെ യാത്രാ നിയന്ത്രണത്തിനെതിരെ മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ് സുപ്രീംകോടതിയില്‍

Latest ഇന്ത്യ കേരളം പ്രാദേശികം

കാസര്‍കോട്: കര്‍ണാടക സര്‍ക്കാറിന്റെ അന്തര്‍ സംസ്ഥാന യാത്രാ നിയന്ത്രണത്തിനെതിരെ ഹരജിയുമായി മഞ്ചേശ്വരം എം.എല്‍.എ എ.കെ.എം അഷ്‌റഫ്. ഈ വിഷയം ചൂണ്ടിക്കാട്ടി സുപ്രീംകോടതിയില്‍ എം.എല്‍.എ ഹരജി നല്‍കി. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ഫലം വേണമെന്ന നിബന്ധന റദ്ദാക്കണം. കേരളത്തില്‍ നിന്നുള്ള യാത്ര സുഗമമാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കുള്ള പ്രവേശന നിയന്ത്രണം ചോദ്യംചെയ്യുന്ന ഹരജികള്‍ നേരത്തെ കേരള ഹൈകോടതി തള്ളിയിരുന്നു. അതിര്‍ത്തികടന്ന് മംഗലാപുരത്തേക്കും മറ്റും പോകാന്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് രണ്ട് ഡോസ് വാക്‌സിനെടുത്തവരടക്കം ഹാജരാക്കണമെന്ന കര്‍ണാടക സര്‍ക്കാറിന്റെ ജൂലൈ 31ലെ ഉത്തരവിനെതിരെ മഞ്ചേശ്വരം എം.എല്‍.എ, പൊതുപ്രവര്‍ത്തകനായ കെ.ആര്‍. ജയാനന്ദ എന്നിവരാണ് കോടതിയെ സമീപിച്ചിരുന്നത്.

വിഷയം കേരള ഹൈകോടതിയുടെ അധികാര പരിധിയിലല്ലെന്ന് വിലയിരുത്തിയാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഹരജികള്‍ തള്ളിയത്. കര്‍ണാടക ഏര്‍പ്പെടുത്തിയ നിയന്ത്രണം കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായേ കാണാനാകൂവെന്ന് കോടതി വിലയിരുത്തി. പൂര്‍ണമായ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. നിയന്ത്രണം യുക്തിപരമാണോ അല്ലയോ എന്ന് പരിശോധിക്കേണ്ടത് കര്‍ണാടക ഹൈകോടതിയാണെന്നും ഹൈകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
കര്‍ണാടക സര്‍ക്കാറിന്റെ നിലപാട് ഭരണഘടന ഉറപ്പു നല്‍കുന്ന സ്വാഭാവിക നീതിയുടെ ലംഘനമാണെന്നായിരുന്നു ഹരജികളിലെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *