ബദിയഡുക്ക▪️കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ബദിയഡുക്ക യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നാളെ ബദിയഡുക്ക ടൗണിലും സര്‍ക്കാര്‍ ഓഫീസിലും പിച്ചയെടുപ്പ് സമരം നടത്തും.
നോട്ടു നിരോധനവും, ജി എസ് ടി യും, ഒന്നാം കോവിഡ് തരംഗവും മൂലം പ്രതിസന്ധിയിലായ വ്യാപാരികള്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പയെടുത്തും കെട്ടുതാലി വരെ പണയപ്പെടുത്തിയും സീസണ്‍ കച്ചവടമെങ്കിലും നേടി എങ്ങനെയെങ്കിലും സ്ഥാപനങ്ങള്‍ നിലനിര്‍ത്താന്‍ നോക്കുമ്പോഴാണ് കോവിഡ് രണ്ടാം തരംഗം വേട്ടയാടി വന്നത്. വ്യാപാരികളെ മാത്രം ലക്ഷ്യം വച്ച് കൊണ്ട്
അശാസ്ത്രീയമായ മാനദണ്ഡങ്ങളോടെ ടിപിആര്‍ നിശ്ചയിച്ച് A,B,C,D കാറ്റഗറിയുണ്ടാക്കി വ്യാപാരസ്ഥാപനങ്ങളെ മാത്രം ബലിയാടാക്കി അടച്ചിടുകയും വ്യാപാരികളെയും ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും പട്ടിണിയിലേക്കും വലിച്ചെറിയുകയും ചെയ്യുന്ന ജനദ്രോഹ നയം ഉപേക്ഷിക്കണമെന്നും വ്യാപാരികള്‍ക്ക് അവരുടെ കച്ചവട സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് ബദിയഡുക്കയിലെ വ്യാപാരികളും ജീവനക്കാരും കുടുംബവും പിച്ചച്ചട്ടിയുമായി ഇറങ്ങുന്നത്.
‘വ്യാപാരികള്‍ക്കും ജീവിക്കണം.,വ്യാപാരികള്‍ക്കും കുടുംബങ്ങളുണ്ട്. സര്‍ക്കാര്‍ കണ്ണ് തുറക്കൂ.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നീതി പാലിക്കൂ’ – എന്നതാണ് സമരത്തിന്റെ പ്രധാന മുദ്രാവാക്യം.
