ഖത്തറില്‍ ഞായറാഴ്ച നടക്കുന്ന ലോകകപ്പ് ഫൈനൽ തന്റെ കരിയറിലെ അവസാന ലോകകപ്പ് മത്സരമായിരിക്കുമെന്ന് ലയണല്‍ മെസി. അർജന്റീനയിലെ പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മെസി ഇക്കാര്യം അറിയിച്ചത്.
വ്യക്തിഗത നേട്ടങ്ങളല്ല കൂട്ടായ്മയുടെ വിജയത്തിനാണ് പ്രാധാന്യമെന്ന് അദ്ദേഹം പറഞ്ഞു.അടുത്ത ലോകകപ്പിന് നാല് വർഷങ്ങളുണ്ട്. ഇനിയും ഇതുപോലെ കളിക്കാനാവുമെന്ന് കരുതുന്നില്ല. ഈ രീതിയിൽ കരിയർ പൂർത്തിയാക്കുന്നതാണ് നല്ലത്. ലോകകപ്പ് എന്ന ലക്ഷ്യം നേടാന്‍ പരമാവധി ശ്രമിക്കും. ഒരു ചുവട് മാത്രം അകലെയാണ് തങ്ങളെന്നും മെസി പറഞ്ഞു.
ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ സൌദി അറേബ്യയോട് തോറ്റതോടെ അര്‍ജന്റീനയുടെ സാധ്യതകളെ കുറിച്ച് സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ആ പരാജയം തങ്ങളെ കൂടുതല്‍ കരുത്തരാക്കിയെന്നാണ് മെസി പറഞ്ഞത്. ഫൈനലിലെത്തിയതിനു പിന്നാലെ മെസിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു-
“ശക്തരാണെന്ന് ഞങ്ങൾ തെളിയിച്ചു. മറ്റ് മത്സരങ്ങൾ ജയിച്ചു.
വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. ഓരോ മത്സരവും ഞങ്ങൾക്ക് ഫൈനലായിരുന്നു. മത്സരം തോൽക്കുകയാണെങ്കിൽ സ്ഥിതി സങ്കീര്‍ണമാകുമെന്ന് അറിയാമായിരുന്നു. ഞങ്ങൾക്ക് എന്തുചെയ്യാനാകുമെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. ഞങ്ങൾക്ക് ലഭിച്ചതെല്ലാം ഞങ്ങൾ അർഹിക്കുന്നു”.