കാസര്‍കോട് കാണാതായ മധ്യവയസ്കനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Latest കേരളം പ്രാദേശികം

കാസര്‍കോട്: കാസര്‍കോട് ദേലമ്പാടി കൊട്ടയാടിയില്‍ മധ്യവയസ്ക്കനെ കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ആനന്ദ് റായി എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അൻപത് വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഇദ്ദേഹത്തെ കാണാതായത്. തുട‍ര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

അതേസമയം സംസ്ഥാനത്ത് ഇന്നും മഴ തുടരുകയാണ്. വടക്കന്‍ കേരളത്തിലാണ് മഴ ശക്തം. കണ്ണൂര്‍ ചെറുപുഴയില്‍ ശക്തമായ മലവെള്ളപ്പാച്ചിലില്‍ വ്യാപകമായി കൃഷി നശിച്ചു.ആളയപായമില്ല. കോഴിക്കോട് മണ്ണിടിഞ്ഞ് വീട് ഭാഗികമായി തകര്‍ന്നു. പതിനഞ്ച് ദിവസമായി  തുടരുന്ന മഴ  നാളെ മുതല്‍   കുറയുമെന്നാണ് കാലാവസ്ഥ പ്രവചനം.

കോഴിക്കോട് പാലക്കാട് , കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലാണ് ഇന്നും മഴ തുടരുന്നത്.  തോരാതെ പെയ്തിരുന്ന മഴക്ക് കുറവുണ്ടെങ്കിലും ഒറ്റപ്പെട്ട ശക്തമായ മഴ വടക്കന്‍ ജില്ലകളില്‍ തുടരുകയാണ്. കണ്ണൂര്‍ ചെറുപുഴ രാജഗിരിയില്‍ മലവെള്ളപ്പാച്ചിലില്‍ ആളപായമില്ലെങ്കിലും വ്യാപകമായി കൃഷി നശിച്ചു. തയ്യില്‍ തീരത്ത് കടലാക്രമണവും രൂക്ഷമാണ്. ഇരുപത്  വീടുകളിലേക്ക് കടല്‍ കയറുമെന്ന അവസ്ഥയുണ്ട്.

കോഴിക്കോട് ജില്ലയിലും ഒറ്റപ്പെട്ട ശക്തമായ മഴയുണ്ട്. മൂഴിക്കലില്‍ പുലര്‍ച്ചെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. കൊറോത്ത് മീത്തല്‍ സാബിറയുടെ വീടിന്‍റെ അടുക്കള തകര്‍ന്നു. കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചു. നാദാപുരം, കക്കയം മേഖലകളിലാണ് മഴ കൂടുതല്‍. മുക്കം, താമരശേരി പ്രദേശങ്ങളില്‍ മഴയുടെ ശക്തി കുറഞ്ഞു.

മാവൂര്‍ മേഖലയില്‍ വെള്ളക്കെട്ട് ദുരിതം തുടരുകയാണ്. കക്കയം ഡാമിന്‍റെ ഒരു ഷട്ടര്‍ 15 സെന്‍റീ മീറ്റര്‍ തുറന്നത് അടച്ചിട്ടില്ല. പാലക്കാട്ടെ മലയോര മേഖലയിലും കാറ്റും മഴയും തുടരുകയാണ്. ഇന്നലെ തുറന്ന മലമ്പുഴ ഡാമിന്‍റെ നാല് ഷട്ടറുകളും താഴ്ത്തിയിട്ടില്ല. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറയാത്തതിനാലാണിത്.

അട്ടപ്പാടി ചുരം റോഡില്‍ ഭാരവാഹനങ്ങള്‍ക്കുള്ള നിയന്ത്രണം ചൊവ്വാഴ്ച വരെ തുടരും. മലപ്പുറത്ത് മഴ കുറഞ്ഞിട്ടുണ്ട്. നിലമ്പൂര്‍ മേഖലയില്‍ മഴ കുറഞ്ഞെങ്കിലും എന്‍ഡിആര്‍എഫിന്‍റെ ഒരു സംഘം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *