പട്ന: തോട്ടത്തിൽ കളിക്കുകയായിരുന്ന വിദ്യാർഥികളെ ഓടിക്കാൻ വെടിയുതിർത്തെന്നാരോപിച്ച് ബിഹാറിൽ മന്ത്രിയുടെ മകനെ ഗ്രാമവാസികൾ മർദിച്ചു. ഞായറാഴ്ച ബിഹാറിലെ വെസ്റ്റ് ചാമ്പരൻ ജില്ലയിലായിരുന്നു സംഭവം.
ബിഹാർ ടൂറിസം മന്ത്രി നാരായൺ പ്രസാദ് സാഹയുടെ മകൻ ബബ്ലു കുമാർ കുട്ടികളെ ഓടിക്കാൻ വെടിയുതിർത്തെന്നാണ് ആരോപണം.ഇതേ തുടർന്ന് മന്ത്രിയുടെ മകൻ ബബ്ലു കുമാറും ഗ്രാമവാസികളും തമ്മിൽ ഏറ്റുമുട്ടിയതായി പോലീസ് പറഞ്ഞു.
ബബ്ലു കുമാറിന്റെ കൈയിൽ നിന്ന് ഗ്രാമവാസികൾ തോക്ക് തട്ടിയെടുക്കുകയും ചെയ്തു.ഹർദിയ ഗ്രാമത്തിലാണ് മന്ത്രി നാരായൺ പ്രസാദ് സാഹയുടെ വീടുള്ളത്. മന്ത്രിയുടെ ഇവിടെയുള്ള മാമ്പഴ തോട്ടത്തിൽ ഞായറാഴ്ച രാവിലെ ഒരു സംഘം കുട്ടികൾ ക്രിക്കറ്റ് കളിക്കുകയായിരുന്നു.
ഈ സമയം മന്ത്രിയുടെ മകൻ ബബ്ലു പ്രസാദും കൂട്ടാളികളും ഇങ്ങോട്ടേക്കെത്തുകയും കുട്ടികളോട് സ്ഥലം വിടാൻ ആവശ്യപ്പെടുകയും ചെയ്തു. എന്തോ കാര്യത്തെ ചൊല്ലി കുട്ടികളും മന്ത്രി പുത്രനും തമ്മിൽ തർക്കമുണ്ടായി.
ഇതിനിടെ ചില കുട്ടികൾക്ക് മർദനമേറ്റു. തുടർന്ന് കുട്ടികളെ ഓടിക്കാൻ മന്ത്രിപുത്രൻ ആകാശത്തേക്ക് വെടിയുതിർത്തു. ഒരു കുട്ടിക്ക് പരിക്കേറ്റതായി ഗ്രാമവാസികൾ ആരോപിക്കുന്നുണ്ട്.
ക്രിക്കറ്റ് കളിക്കുന്നതിനിടെ മന്ത്രിയുടെ കുടുംബാംഗങ്ങൾ കുട്ടികളെ മർദിച്ചുവെന്നും ബബ്ലു ആകാശത്തേക്ക് വെടിയുതിർത്തത് സ്ഥിതി വഷളാക്കിയെന്നുമാണ് ഗ്രാമവാസികളുടെ ആരോപണം.
എന്നാൽ താൻ വെടിയുതിർത്തിട്ടില്ലെന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രിപുത്രന്റെ അവകാശവാദം.കല്ലേറിൽ ഇരുവിഭാഗത്തിനും പരിക്കേറ്റതായി ബിഹാർ ടൂറിസം മന്ത്രി നാരായൺ പ്രസാദ് സാഹ പറഞ്ഞു.
വാക്കുതർക്കത്തിനിടെ കുട്ടികളുടെ ബന്ധുക്കൾ ഇഷ്ടികകൾ എറിയുകയായിരുന്നു. തന്റെ മകൻ വെടിയുതിർത്തില്ല, റിവോൾവർ തട്ടിപ്പറിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
എതിരാളികൾ തന്നെ അപകീർത്തിപ്പെടുത്താനുള്ള കിംവദന്തികളാണ് പടച്ചുവിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.