കാസർകോട്: ഖുർആൻ പൂർണ്ണമായും എഴുതി തയ്യാറാക്കി കാസർകോട്ടെ പെൺകുട്ടി. 75 ദിവസം കൊണ്ടാണ് മേൽപ്പറമ്പ് സ്വദേശിയായ ഫാത്തിമത്ത് മുഫീദ ഖുർആൻ കൈയെഴുത്ത് പ്രതി തയ്യാറാക്കിയത്. കാസർകോട് മേൽപ്പറമ്പ് ചളിയങ്കോട് സ്വദേശി മുഹമ്മദ്കുഞ്ഞിയുടേയും സാബിറയുടേയും മകൾ ഫാത്തിമത്ത് മുഫീദ. ഖുര്‍ആനിലെ 114 അധ്യായങ്ങളും പെൺകുട്ടി പകർത്തി എഴുതിയത് വെറും 75 ദിവസമെടുത്തായിരുന്നു. കാലിഗ്രാഫി വരച്ച് മനോഹരമാക്കിയാണ് താളുകൾ ഒരുക്കിയത്. കാസർകോട്ടെ അൽ ബയാൻ ഇസ്ലാമിക് ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനത്തിലൂടെ മുഫീദക്ക് ഖുർആൻ മനപാഠമാണ്. ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകരുടെ പൂർണ്ണ പിന്തുണയോടെയാണ് ഈ പെൺകുട്ടി ഖുർആൻ കൈയെഴുത്ത് പ്രതി തയ്യാറാക്കിയത്. അൽ ബയാൻ ഇസ്ലാമിക് ഇൻസ്റ്റിറ്റ്യൂട്ടിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ എഴുതി തയ്യാറാക്കിയ ഈ ഖുർആൻ പ്രദർശിപ്പിച്ചു.