‘മുസ്ലീം ലീഗ് യുഡിഎഫിന്റെ പ്രധാനഭാഗം’; ഇടതുപക്ഷത്തേയ്ക്ക് വരുമെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി

Latest കേരളം പ്രാദേശികം

തിരുവനന്തപുരം: യുഡിഎഫിന്റെ പ്രധാനഭാഗം മുസ്ലിം ലീഗാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലീഗ് പ്രധാന ഭാഗമായിരിക്കുന്ന ഒന്നില്‍ നിന്ന് അവര്‍ മാറിപ്പോകുമെന്ന് ആരെങ്കിലും കരുതുന്നുണ്ടോ. യുഡിഎഫ് വിട്ട് ലീഗ് ഇങ്ങോട്ട് വരുമെന്ന് തങ്ങള്‍ കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ദേശീയതലത്തില്‍ കോണ്‍ഗ്രസ് അത്ര വലിയ ശക്തി ഒന്നുമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനതലത്തില്‍ പാര്‍ട്ടികളുമായി യോജിപ്പുണ്ടാക്കണം. ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായി യോജിപ്പുണ്ടാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസ് പരിപാടിയാണ്. അതില്‍ സിപിഐഎം പങ്കെടുക്കണ്ട കാര്യമില്ല. ഒരു ജാഥയെ പരിഹസിക്കേണ്ട ആവശ്യം ഇല്ല. അത് രാഷ്ട്രീയ പരിപാടി ആണ്. ഞങ്ങളും അതിന്റെ ഭാഗമാകണം എന്ന് കരുതേണ്ടതില്ല’, മുഖ്യമന്ത്രി പറഞ്ഞു.കേന്ദ്രം സംസ്ഥാനത്തെ വീര്‍പ്പുമുട്ടിക്കുമ്പോള്‍ അതില്‍ ആഹ്ലാദിച്ചവരാണ് യുഡിഎഫ് എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര ബജറ്റില്‍ കേരളത്തെ അതിക്രൂരമായി അവഗണിച്ചു. കോണ്‍ഗ്രസ് കേരള വിരുദ്ധമായി ചെയ്യുന്നതിനൊക്കെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ എണ്ണി എണ്ണി മറുപടി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *