ജനസംഖ്യയില്‍ ഹിന്ദുക്കളെ മുസ്‌ലിംകള്‍ മറികടക്കുമോ?; വിദഗ്ധര്‍ പറയുന്നു ‘ഒരിക്കലും സാധ്യമല്ല, സാമാന്യ ബുദ്ധി ഉപയോഗിച്ചാല്‍ മനസ്സിലാവും’

Latest ഇന്ത്യ

ഷിംല: ഇന്ത്യ മുസ്ലീം രാജ്യമാകുന്നത് തടയാന്‍ ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് ഹിമാചല്‍ പ്രദേശിലെ അഖില ഭാരതീയ സന്ത് പരിഷത്തിന്റെ ചുമതല വഹിക്കുന്ന യതി സത്യദേവാനന്ദ് സരസ്വതി പറഞ്ഞിരുന്നു. ‘ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ് എന്നാല്‍ മുസ്ലീം വിഭാഗം ജനസംഖ്യയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ സംഘടന ഹിന്ദുക്കളോട് ആവശ്യപ്പെടുന്നത് ഇതാണ്. ഇന്ത്യ ഒരു മുസ്ലീം രാജ്യമാകുന്നത് തടയാന്‍ നിങ്ങള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുക’ എന്നാണ് യതി സത്യദേവാനന്ദ് സരസ്വതി പറഞ്ഞത്. ഉന ജില്ലയിലെ മുബാരക്ക്പൂരില്‍ സംഘടിപ്പിച്ച മൂന്ന് ദിവസത്തെ ധരം സന്‍സധിലാണ് ഈ വാദം ഉന്നയിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ വസ്തുത തിരിച്ചറിയുന്നതിനായി വാര്‍ത്താ ഏജന്‍സിയായ പിടിഐ നടത്തിയ അന്വേഷണത്തില്‍ വിദഗ്ദര്‍ ഈ വാദത്തെ തള്ളിക്കളഞ്ഞു.

2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യ അനുപാതത്തിന്റെ കണക്കെടുത്താല്‍ ഹിന്ദുക്കള്‍ 96.62 കോടി(79.80%), മുസ്ലീംങ്ങള്‍ 17.22 കോടി(14.23%), ക്രിസ്ത്യാനികള്‍ 2.78 കോടി(2.30%), സിഖ് 2.08 കോടി(1.72%) എന്നിങ്ങനെയാണ്.കുടുംബ ക്ഷേമ പരിപാടികള്‍ അവലോകനം ചെയ്യുന്ന ദേശീയ സമിതിയുടെ മുന്‍ ചെയര്‍പേഴ്‌സണ്‍ ദേവേന്ദ്ര കോത്താരി ശാസ്ത്രീയ വിശകലനം നടത്തി പറയുന്നത് അടുത്ത സെന്‍സസില്‍ മുസ്ലീം ജനസംഖ്യ കുറയുമെന്നാണ്. ഹിന്ദു വിഭാഗത്തിന്റെ ജനസംഖ്യയില്‍ വര്‍ധനവുണ്ടാകും. 2011ലെ സെന്‍സസ് പ്രകാരം ഹിന്ദു ജനസംഖ്യ 79.80% ആയിരുന്നുവെങ്കില്‍ ചെറിയ വര്‍ധനവുണ്ടായി 80.3%ത്തിലേക്ക് എത്തുമെന്ന് കോത്താരി പറഞ്ഞു.

മുസ്‌ലിംകളുടെ ജനസംഖ്യ താഴേക്കാണ് പോവുന്നതെന്ന് പറഞ്ഞ അദ്ദേഹം, ജനസംഖ്യയില്‍ മുസ്‌ലിംകള്‍ ഹിന്ദുക്കളെ മറികടക്കണമെങ്കില്‍ ഹിന്ദുക്കള്‍ പൂര്‍ണ്ണമായും ഗര്‍ഭം ധരിക്കുന്നത് അവസാനിപ്പിക്കണമെന്നും അതൊരിക്കലും നടക്കാന്‍ പോകുന്നില്ലെന്നും പറഞ്ഞു.ഹിന്ദുക്കളെക്കാള്‍ മുസ്ലീം ജനസംഖ്യ വര്‍ധിക്കില്ലെന്ന് മുന്‍ ഇലക്ഷന്‍ കമ്മീഷ്ണര്‍ എസ് വൈ ഖുറേഷി കോത്താരിയുടെ ‘ഇസ്ലാം, ഫാമിലി പ്ലാനിങ് ആന്റ് പൊളിറ്റിക്സ് ഇന്‍ ഇന്ത്യ’ എന്ന പുസ്തകത്തില്‍ പറയുന്നു. കണക്കുകള്‍ വച്ചാണ് ഖുറേഷി ഇക്കാര്യം പറയുന്നത്. 2021ല്‍ ഹിന്ദു ജനസംഖ്യ 120.6 കോടിയിലേക്ക് ഉയരും. അതേസമയം മുസ്ലീം ജനസംഖ്യ 22.6 കോടിയിലേക്ക് മാത്രമേ എത്തൂയെന്ന് ഖുറേഷി പറയുന്നു.

മുസ്‌ലിംകള്‍ ജനസംഖ്യയില്‍ ഹിന്ദുക്കളെ അട്ടിമറിക്കും എന്ന പ്രചാരണം വളരെ നാളായി രാജ്യത്തുണ്ടെന്നും ഖുറേഷി പിടിഐയോട് പറഞ്ഞു.ഡല്‍ഹി സര്‍വകലാശാല വൈസ് ചാന്‍സലറായ ദിനേഷ് സിംഗും പ്രൊഫസര്‍ അജയ്കുമാറും തയ്യാറാക്കിയ കണക്കുകളും പറയുന്നത് ജനസംഖ്യയില്‍ മുസ്‌ലിംകള്‍ ഹിന്ദുക്കളെ മറികടക്കില്ലെന്ന് തന്നെയാണ്.

1000 വര്‍ഷങ്ങള്‍ എടുത്താലും ഹിന്ദു ജനസംഖ്യയെക്കാളും വര്‍ധനവ് മുസ്ലീം ജനസംഖ്യയിലുണ്ടാവില്ല. മുസ്ലീം ജനസംഖ്യാ വളര്‍ച്ചാ നിരക്ക് ഹിന്ദു വിഭാഗത്തെക്കാള്‍ ഉയര്‍ന്നതാണ്. എന്നാല്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള ജനസംഖ്യാ അന്തരം വലുതാണെന്നും ഈ കണക്കുകള്‍ പറയുന്നുവെന്നും ഖുറേഷി പറഞ്ഞു.1951ല്‍ 9.8 ശതമാനമായിരുന്നു മുസ്ലീം ജനസംഖ്യ അനുപാതം. 2011 ല്‍ ഇത് 14.2% ആയി. ഹിന്ദു വിഭാഗത്തിന്റെ അനുപാതം 84.1 ശതമാനത്തില്‍ നിന്ന് 79.8 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ 60 വര്‍ഷത്തിനിടയില്‍ 4.4 ശതമാനമാണ് മുസ്ലീം ജനസംഖ്യയിലുണ്ടായ വര്‍ധനവ്.

ഹിന്ദുക്കള്‍ ഒരു കുട്ടിയെ പോലും ജനിപ്പിക്കാതിരിക്കുകയും മുസ്‌ലിംകള്‍ മാത്രം കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ നല്‍കിയാല്‍ പോലും 2170ന് മുമ്പ് ജനസംഖ്യയില്‍ മുസ്‌ലിംകള്‍ ഹിന്ദുക്കളെ മറികടക്കില്ല. സമാന്യയുക്തി ഉപയോഗിച്ച് ആര്‍ക്കും ഇത് കണക്കുകൂട്ടാമെന്നും കോത്താരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *