കാസർകോട്: സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന ട്രഷററായി നാസർ നങ്ങാരത്തിനെ തെരഞ്ഞെടുത്തു. മലപ്പുറത്ത് വെച്ച് നടന്ന എസ് ഇ യു സംസ്ഥാന കൗൺസിൽ യോഗമാണ് നാസറിനെ ട്രഷറർ ആയി തെരഞ്ഞെടുത്തത്. സിബി മുഹമ്മദ് (പത്തനംതിട്ട) പ്രസിഡണ്ടും, ആമിർ കോഡൂർ (മലപ്പുറം) ജനറൽ സെക്രട്ടറിയുമാണ്. വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനായ നാസർ നങ്ങാരത്ത് തൃക്കരിപ്പൂർ സ്വദേശിയാണ്.
മുമ്പ് എസ്.ഇ.യു ജില്ലാ പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡണ്ട്, ഓർഗനൈസിംഗ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ജില്ലയിൽ നിന്നുള്ള പ്രതിനിധി സംഘടനയുടെ പ്രധാന ഭാരവാഹിയാവുന്നത്.ഇതിന് പുറമെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായി ഒ. എം ഷഫീഖ്, ടി അബ്ദുൽ സലീം എന്നിവരെയും തെരെഞ്ഞെടുത്തിട്ടുണ്ട്.
സംസ്ഥാന ട്രഷററായി ചുമതലയേറ്റ നാസർ നങ്ങാരത്തിനെയും സെക്രട്ടറിയേറ്റ് അംഗങ്ങളെയും ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. ജില്ലാ കമ്മിറ്റിയുടെ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരമായിട്ടാണ് ഈ സ്ഥാനലബ്ദിയെ കാണുന്നതെന്ന് ജില്ലാ ഭാരവാഹികൾ പത്രക്കുറിപ്പിൽ പറഞ്ഞു.