ദേശീയ കാർറാലി ചാമ്പ്യൻഷിപ്പ് : മൂസാ ഷരീഫ് – ഗിൽ സഖ്യത്തിന് രണ്ടാം റൗണ്ടിൽ മിന്നുംജയം

Latest കായികം

കാസറഗോഡ്: ബംഗ്‌ളൂറുവിൽ നടന്ന  2021-ദേശീയ കാർ റാലി ചാമ്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ടിൽ നിലവിലുള്ള ജേതാക്കളായ മൂസാ ഷരീഫ്-ഗൗരവ് ഗിൽ സഖ്യത്തിന് തകർപ്പൻ ജയം.

പരുപരുക്കൻ പാതയിലൂടെയടക്കമുള്ള 120 കിലോ മീറ്റർ ദൈർഘ്യവും 8 സ്പെഷ്യൽ സ്റ്റേജുകളുമടങ്ങിയതായിരുന്നു രണ്ടാം റൗണ്ട്. ഇത് 1 മണിക്കൂർ 38 മിനുട്ടും 37  സെക്കന്റും കൊണ്ട് പൂർത്തീകരിച്ചാണ് മൂസാ ഷരീഫ് സഖ്യം വിജയം നേടിയത്.

എട്ടാം കിരീടം ലക്ഷ്യമിട്ട് ഗോദയിലിറങ്ങിയ  ഇന്ത്യയിലെ തന്നെ നമ്പർ വൺ ജോടിയായ മൂസാ ഷരീഫ് – ഗൗരവ് ഗിൽ സഖ്യം കിരീടത്തിന്റെ വക്കിലാണ്. കോയമ്പത്തൂരിൽ നടന്ന ആദ്യ റൗണ്ടിൽ കാറിന്റെ യന്ത്ര തകരാർ മൂലം ഈ സഖ്യത്തിന് മത്സരം പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല.

അതിനാൽ അടുത്ത റൗണ്ടിലും മികച്ച വിജയം ഈ സഖ്യത്തിന് അനിവാര്യമാണ്.കോവിഡ് വ്യാപനം മൂലമാണ് കഴിഞ്ഞ വർഷത്തെ മത്സരങ്ങൾ 3 റൗണ്ടുകളാക്കി ചുരുക്കി ഈ വർഷം നടത്തുന്നത്.

ചാമ്പ്യൻഷിപ്പിന്റെ മൂന്നാമത്തെയും അവസാനത്തെയും റൗണ്ട് മാർച്ച്‌ 27 മുതൽ 29 വരെ ചെന്നൈയിൽ നടക്കും. മൂന്നാം റൗണ്ടിൽ മികച്ച വിജയം നേടാനായാൽ ഈ സഖ്യത്തിന് കിരീടം ഉറപ്പിക്കാം.

ടീം ജെ കെ ടയറിന് വേണ്ടി മഹീന്ദ്ര എക്സ് യു വി 300 കാർ ഉപയോഗിച്ചാണ് മൊഗ്രാൽ പെർവാഡ് സ്വദേശിയായ  ഷരീഫും ന്യൂ ഡൽഹി സ്വദേശിയായ ഗൗരവ് ഗില്ലും രണ്ടാം  റൗണ്ടിൽ നേട്ടം കൊയ്തത്.

ഇതിനകം 300 റാലികളിൽ കളത്തിലിറങ്ങി ചരിത്രം രചിച്ച മൂസാ ഷരീഫിന് , ഈ കിരീടത്തിൽ കൂടി മുത്തമിട്ടാൽ എട്ട് തവണ ദേശീയ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ നാവിഗേറ്റർ എന്ന ബഹുമതി കൂടി സ്വന്തം പേരിലാക്കാം.

Leave a Reply

Your email address will not be published. Required fields are marked *