ക്ലെച്ചും ഗിയറും വേണ്ട; ലൈസൻസ് ടെസ്റ്റിന് ഇന്ന് മുതൽ ഓട്ടോമാറ്റിക് വാഹനങ്ങൾ ഉപയോഗിക്കാം

Latest

ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിന് തിങ്കളാഴ്ച മുതൽ ഓട്ടോമെറ്റിക് ഇ- വാഹനങ്ങളും ഉപയോഗിക്കാനാകും. ഡ്രൈവിങ് ടെസ്റ്റിനുള്ള ‘എച്ച്, റോഡ് ടെസ്റ്റുകൾക്ക് ഗിയർ ഇല്ലാത്ത വാഹനങ്ങളും ഉപയോഗിക്കാൻ ശനിയാഴ്ചയാണ് അനുമതി നൽകിയത്. സ്വന്തം വാഹനങ്ങളിൽ വരുന്നവർക്ക് തിങ്കളാഴ്ച മുതൽ ടെസ്റ്റിൽ പങ്കെടുക്കാം.അതേസമയം, ഡ്രൈവിങ് സ്കൂളുകളുടെ ഓട്ടോമെറ്റിക് വാഹനങ്ങൾ മോട്ടോർവാഹനവകുപ്പിൽ രജിസ്ട്രർ ചെയ്യാൻ ചെറിയ കാലതാമസമുണ്ടാകും.

പരിശീലകന് കൂടി നിയന്ത്രിക്കാൻ കഴിയുന്ന ഇരട്ട ബ്രേക്ക്പെഡൽ വാഹനങ്ങളിൽ സജ്ജീകരിക്കേണ്ടതുണ്ട്. ഇവ മോട്ടോർവെഹിക്കിൾ ഇൻസ്പെക്ടർമാർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയാൽ മാത്രമേ ഡ്രൈവിങ് സ്കൂൾ വാഹനമായി അംഗീകാരം ലഭിക്കുകയുള്ളൂ.ഇതിന് ശേഷം ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കാനാകും. ഓട്ടോമാറ്റിക് വാഹനങ്ങൾ പഠനത്തിന് ഉപയോഗിക്കുന്നുണ്ടെങ്കിലും ഇതുവരെ ടെസ്റ്റിന് ഉപയോഗിച്ചിരുന്നില്ല. ഇ- വാഹനങ്ങൾ ഉപയോഗിക്കണമെങ്കിലും ഇത്തരം ക്രമീകരണം ഏർപ്പെടുത്തേണ്ടിവരും.

സ്ത്രീകൾ ഉൾപ്പെടെ ഓട്ടോമാറ്റിക് വാഹനം ഓടിക്കാൻ താത്പര്യപ്പെടുന്നവരെ സംബന്ധിച്ചിടത്തോളം പുതിയ ടെസ്റ്റിങ് സംവിധാനം ഗുണകരമാണ്.നേരത്തെ ഗിയർവാഹനങ്ങളിൽ ടെസ്റ്റ് പാസാകണമായിരുന്നു. അതിന് വേണ്ടി മാത്രം ഗിയർ വാഹനങ്ങൾ ഓടിച്ച് പഠിക്കേണ്ടിയിരുന്നു. ക്ലച്ച് ഉപയോഗിക്കാൻ പരിചയമില്ലാത്ത നിരവധി പേർ പരാജയപ്പെട്ടിരുന്നു. ലൈറ്റ്മോട്ടോർ വെഹിക്കിൾ ലൈസൻസിന് (എൽ.എം.വി) ഗിയറുള്ളതും ഇല്ലാത്തതുമായി വകഭേദങ്ങളില്ല.

ഓട്ടോമെറ്റിക് വാഹനം ഉപയോഗിച്ചുള്ള ഡ്രൈവിങ് ടെസ്റ്റ് എൽ.എം.വി ലൈസൻസിനുള്ള കുറുക്കുവഴിയാകുമെന്ന് ആക്ഷേപമുണ്ട്. എൽ.എം.വി ലൈസൻസ് ഉള്ളവർക്ക് ഓട്ടോറിക്ഷ മുതൽ ഏഴര ടണ്ണിൽ താഴെ ഭാരമുള്ള വാഹനങ്ങളെല്ലാം ഓടിക്കാനാകും. മിനി ലോറികളും, സ്കൂൾവാനുകളും എൽഎം.വി വിഭാഗത്തിൽ ഉൾപ്പെടും.

ഓട്ടോമാറ്റിക് വാഹനങ്ങളിലൂടെ ലൈസൻസ് ലഭിക്കുന്നവർ മതിയായി പരിചയമില്ലാതെ ഗിയർവാഹനങ്ങളുമായി നിരത്തിൽ ഇറങ്ങിയാൽ അപകടസാധ്യതയുണ്ട്. ഇരുചക്രവാഹനങ്ങളിൽ ഗിയർ ഉള്ളതും ഇല്ലാത്തതുമായി രണ്ടു വിഭാഗങ്ങളുണ്ട്. എൽ.എം.വിയിലും ഇത്തരം രണ്ട് വിഭാഗങ്ങളുണ്ടായിരുന്നുവെങ്കിൽ അപാകം തടയാൻ കഴിയുമായിരുന്നു. കേന്ദ്രമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *