മംഗലാപുരം : ക്ഷേത്രത്തിന് മുന്നിലുള്ള സ്ഥലത്ത് അഹിന്ദുക്കൾക്ക് വാഹന പാർകിംഗ് നിരോധിച്ച ക്ഷേത്ര കമിറ്റിയുടെ തീരുമാനം വിവാദമായി.
കർണാടക സർക്കാരിന്റെ ചാരിറ്റബിൾ എൻഡോവ്മെന്റ് വകുപ്പിന്റെ കീഴിലുള്ള ക്ഷേത്രമാണിത്.
പുത്തൂർ താലൂകിലെ മഹാലിംഗേശ്വര ക്ഷേത്രത്തിന് മുന്നിലാണ് പാർകിംഗ് നിരോധിച്ചെതെന്ന് ടൈംസ് ഓഫ് ഇൻഡ്യ റിപോർട് ചെയ്തു.
ക്ഷേത്രത്തിനു മുന്നിലുള്ള വിശാലമായ സ്ഥലത്ത് ഭക്തരെ കൂടാതെ മറ്റുള്ളവരും തങ്ങളുടെ വാഹനങ്ങൾ നിർത്തിയിടാറുണ്ടായിരുന്നു.
സമീപത്ത് തന്നെയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ഇവിടെയാണ് വാഹനങ്ങൾ നിർത്തിയിട്ടിരുന്നത്.
തീരുമാനം അറിയിച്ചുള്ള അറിയിപ്പ് ക്ഷേത്രത്തിന് പുറത്ത് പ്രദർശിപ്പിച്ചിട്ടുണ്ട്.
മറ്റാരെങ്കിലും വാഹനങ്ങൾ ഇവിടെ പാർക് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയാൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും നോട്ടീസിൽ പറയുന്നു.
സംഭവം വിവാദമായതോടെ വിശദീകരണം ആവശ്യപ്പെട്ട് ക്ഷേത്രം എക്സിക്യൂടീവ് ഓഫീസർക്ക് നോടീസ് നൽകുമെന്ന് പുത്തൂർ അസിസ്റ്റന്റ് കമീഷനർ അറിയിച്ചു.
ഹിന്ദുക്കളല്ലാത്തവർ ക്ഷേത്ര സ്ഥലത്ത് വാഹനങ്ങൾ പാർക് ചെയ്യുന്നത് നിരോധിക്കണമെന്ന് ഒരു മാസം മുമ്പ് ഹിന്ദു അനുകൂല സംഘടനകൾ ആവശ്യപ്പെട്ടതായി റിപോർടുകളുണ്ട്.