ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ എഎപി ഭരണം അട്ടിമറിക്കാന്‍ ബിജെപി ശ്രമം നടത്തുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ ചില എംഎല്‍എമാരെ കാണുന്നില്ലെന്ന് പരാതി.
ഇന്ന് രാവിലെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ വിളിച്ചു ചേര്‍ത്ത എഎപി യോഗം ആരംഭിക്കാനിരിക്കെയാണ് എംഎല്‍എമാരില്‍ ചിലരുമായി ആശയവിനിമയം സാധ്യമാകുന്നില്ലെന്ന് കാട്ടി നേതാക്കള്‍ രംഗത്തെത്തിയത്. ഇവരെ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പാര്‍ട്ടി സ്ഥിരീകരിച്ചു.രാവിലെ 11 മണിയോടെയായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിലാണ് യോഗം നിശ്ചയിച്ചിരുന്നത്. ‘ഓപ്പറേഷന്‍ കമല’യുമായി ഡല്‍ഹിയിലും ബിജെപി കരുക്കള്‍ നീക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയായിരുന്നു മുഖ്യമന്ത്രി യോഗം വിളിച്ചത്.
നിയമസഭയുടെ പ്രത്യേക യോഗവും സര്‍ക്കാര്‍ വിളിച്ചിട്ടുണ്ട്.ബിജെപിയില്‍ ചേര്‍ന്നാല്‍ 20 കോടി തരാമെന്നും മറ്റുള്ളവരെ കൂടെക്കൂട്ടിയാല്‍ 25 കോടി തരാമെന്നുമായിരുന്നു എംഎല്‍എമാര്‍ക്ക് ലഭിച്ച വാഗ്ദാനമെന്നായിരുന്നു വെളിപ്പെടുത്തല്‍.
ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരായ അഴിമതി ആരോപണത്തെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചത് മുതല്‍ എഎപി സര്‍ക്കാരിനെ താഴെയിറക്കാന്‍ ബിജെപി ശ്രമിക്കുന്നതായി നേതാക്കള്‍ ആരോപിച്ചിരുന്നു. മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം നേടിയ രീതി ഡല്‍ഹിയിലും പയറ്റാനാണ് ബിജെപി ഒരുങ്ങുന്നത് എന്നും എഎപി നേതാക്കള്‍ പറഞ്ഞിരുന്നു.
എഎപി വിട്ട് ബിജെപിയില്‍ ചേര്‍ന്നാല്‍ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്ന വാഗ്ദാനവുമായി ബിജെപി സമീപിച്ചിരുന്നു എന്ന് നേരത്തെ മനീഷ് സിസോദിയയും ആരോപിച്ചിരുന്നു. എഎപി വിട്ടാല്‍ നിലവില്‍ തനിക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്നും ബിജെപി നേതാക്കള്‍ പറഞ്ഞതായി സിസോദിയ പ്രതികരിച്ചു.
എഎപി നേതാക്കള്‍ക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സികളെ വഴിതിരിച്ച് വിടുന്നതായും വിമര്‍ശനമുയര്‍ന്നിരുന്നു. 2020 ലെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ 62 എണ്ണത്തിലും വിജയിച്ചാണ് എഎപി അധികാരത്തിലെത്തുന്നത്.