കാസർകോട്: കവയിത്രി സുഗതകുമാരി ടീച്ചർ നട്ട ‘പയസ്വിനി’ എന്ന കുട്ടികൾക്കു മാങ്കനിയും തണലുമേകി ഇനി താളിപ്പടുപ്പ് അടുക്കത്ത്ബയൽ ഗവ. യു.പി സ്കൂൾ അങ്കണത്തിൽ. കാസർകോട് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുനിന്നാണ് പയസ്വിനി സ്കൂളങ്കണത്തിലേക്കു മാറ്റിനട്ടത്.ആറുവരിയിലേക്കുള്ള ദേശീയപാത 66-ന്റെ വികസനത്തിനു വഴിയൊരുക്കാനാണിത്. ശാസ്ത്രീയമായ മാറ്റിനടൽ നിർവ്വഹിച്ചത് ദേശീയപാതാവികസനത്തിന്റെ ചെങ്കള റീച്ചിന്റെ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയാണ്. മാവിനെ പുഷ്പവൃഷ്ടിയോടെയാണ് സ്കൂളിലെ ആയിരത്തോളം വരുന്ന വിദ്യാർത്ഥികൾ സ്വീകരിച്ചത്.പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ തണൽമരങ്ങൾ സംരക്ഷിക്കാൻ നടന്ന പരിപാടിയുടെ ഭാഗമായി 2006ഡിസംബറിലാണ് സുഗതകുമാരി ഈ മാവ് നട്ടത്.
സുഗതകുമാരിതന്നെയാണ് പയസ്വിനി എന്നു പേരിട്ടതും.സുഗതകുമാരിയുടെ മരണശേഷം വിദ്യാർത്ഥികളടക്കം ഇവിടെയെത്തി കവയിത്രിയുടെ ഓർമദിനം ആചരിക്കുന്ന പതിവുണ്ടായിരുന്നു. ദേശീയപാതാവികസനഘട്ടം വന്നപ്പോൾ കാസർകോട് ളൈഓവറിന്റെ പ്രധാനഭാഗത്തായാണ് മാവ് നിൽക്കുന്നത് എന്ന് കണ്ടെത്തി. ഈ സമയത്ത്, മാവിനെ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് നിരവധി സംഘടനകളും പൊതുജനങ്ങളും ഊരാളുങ്കൽ സൊസൈറ്റിയെ സമീപിക്കുകയായിരുന്നു.
വൃക്ഷം സംരക്ഷിക്കാൻ സൊസൈറ്റി തീരുമാനമെടുത്തു. തലപ്പാടി-ചെങ്കള റീച്ചിൽ തന്നെ വിശേഷയിനത്തിൽ പെട്ട മൊഗ്രാൽ മാവ് മുറിച്ചുമാറ്റേണ്ടി വന്നപ്പോൾ സൊസൈറ്റി അതിന്റെ 500 തൈകൾ ഗ്രാഫ്റ്റ് ചെയ്തിരുന്നു. എന്നാൽ പയസ്വിനി മാവിന്റെ കാര്യത്തിൽ അത് സുഗതകുമാരി നട്ട മാവാണ് എന്ന വൈകാരികാംശം ഉള്ളതിനാൽ വൃക്ഷത്തെ അപ്പാടെ സംരക്ഷിക്കേണ്ടിയിരുന്നു.വനം വകുപ്പ്, സാമൂഹിക വനവത്കരണ വകുപ്പ്, കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവരുമായി കൂടിയാലോചിച്ച് വൃക്ഷത്തെ അടുക്കത്ത് ബയൽ സ്കൂൾ അങ്കണത്തിലേക്ക് മാറ്റി സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഏറെ ശാഖകളുള്ളതും 16 വർഷം പ്രായമുള്ളതുമായ മാവ് ബുധനാഴ്ചയാണ് മാറ്റിനട്ടത്. പൂവിട്ടുനിൽക്കുന്ന കാലം കഴിയുന്നതുവരെ കാക്കുകയായിരുന്നു. മരത്തിന് ക്ലേശം പരമാവധി ഒഴിവാക്കിയായിരുന്നു മാറ്റിനടീൽ. മൂന്നുദിവസം നീളുന്ന പ്രവർത്തനത്തിന് തിങ്കളാഴ്ച്ച തുടക്കമായി. മാറ്റിനടുന്ന സ്ഥലത്ത് രണ്ടര മീറ്റർ നീളവും വീതിയും 2.2 മീറ്റർ ആഴവുമുള്ള കുഴി തയ്യാറാക്കുന്ന ജോലി ആയിരുന്നു ആദ്യം ചെയ്തത്. ചൊവ്വാഴ്ച മരത്തിന് ചുറ്റും ഒന്നര മീറ്റർ അകലമിട്ടുകൊണ്ട് താര് സംരക്ഷിച്ചുകൊണ്ട് രണ്ട് മീറ്റർ ആഴത്തിൽ ചതുരമായി ട്രെഞ്ച് എടുത്തു.
മാവിന്റെ വലിയ ശാഖകൾ മുറിച്ചുമാറ്റി പൂപ്പൽബാധ തടയുന്നതിനായി പ്രത്യേക മിശ്രിതം പുരട്ടി. മരം സ്കൂൾപരിസരത്ത് വീൽ ലോഡറിൽ എത്തിച്ച് അവിടെ ഒരുക്കിയ കുഴിയിലേക്കു ഇറക്കിവച്ചു. വേരുറച്ച മൺകട്ട അനക്കാതെ കുഴിയിൽ ബാക്കിയുള്ള സ്ഥലത്ത് 1:1:1 അനുപാതത്തിൽ മേൽമണ്ണും കമ്പോസ്റ്റും ചകിരിച്ചോറും ചേർത്ത മിശ്രിതം നിറച്ചു. മാറ്റിനട്ട ശേഷം ആദ്യമാസങ്ങളിൽ മരത്തിന് തണൽ നൽകും. എല്ലാ ദിവസവും വെള്ളമൊഴികാനും ഊരാളുങ്കൽ സൊസൈറ്റി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
എൻ.എ. നെല്ലിക്കുന്ന് എംഎൽഎ, സോഷ്യൽ ഫോറസ്ട്രി വകുപ്പ് ഉത്തരമേഖല ഫോറസ്റ്റ് കൺസർവേറ്റർ ആർ കീർത്തി, ഡിഎഫ്ഒ ബിജു, അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് സോഷ്യൽ ഫോറസ്ട്രി ധനേഷ്, സ്റ്റേറ്റ് എൻവയോൺമെന്റൽ ഇംപാക്റ്റ് അസൈസ്മെന്റ് കമ്മിറ്റി അംഗം പ്രൊഫ. ഗോപിനാഥൻ, ഊരാളുങ്കൽ സൊസൈറ്റി ഡയറക്ടർമാരായ പ്രകാശൻ പി., അജി കെ.ടി.കെ., സുരേഷ് ബാബു പി.കെ., രാജൻ കെ.ടി., കാസർകോട് പീപ്പിൾസ് ഫോറം പ്രതിനിധികൾ, ദേശീയപാത അതോറിറ്റി പ്രതിനിധികൾ തുടങ്ങിയവർ മരം മാറ്റിനടുന്നതിനു സാക്ഷ്യം വഹിക്കാൻ എത്തി.